തിരൂര്‍: പ്രവാസിയുടെ വീട്ടില്‍നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് പുതിയവീട്ടില്‍ റിവാജ് (34) ആണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്. പ്രധാന പ്രതി മുംബൈയിലേക്കു കടന്നതായാണു വിവരം. തിരൂര്‍ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമുഹമ്മദിന്റെ പണമാണ് സെപ്‌തംബർ 25ന് നാലംഗ സംഘം കവര്‍ന്നത്. തളിപ്പറമ്പ് മന്നയിലെ സ്കൂള്‍ മൈതാനത്തു ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് റിവാജിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരമടക്കം 17 കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു കോടി രൂപ നല്‍കിയാല്‍ കുഞ്ഞഹമ്മദിന്റെ വിദേശത്തുള്ള മകന് 2 കോടി രൂപയ്ക്കു തുല്യമായ തുക കൈമാറാമെന്നു പറഞ്ഞാണ് സംഘം സമീപിച്ചത്. മകന്റെ സുഹൃത്തായ കാസര്‍കോട് സ്വദേശിയാണ് സംഘത്തെ പരിചയപ്പെടുത്തിയത്. പയ്യനങ്ങാടിയിലെ വീട്ടിലെത്തിയ സംഘം ആദ്യം പണം നേരിട്ടു കാണണമെന്നാവശ്യപ്പെട്ടു. എന്നാല്‍ മകന്റെ അക്കൗണ്ടിലേക്ക് തുക എത്തിയാല്‍ മാത്രമേ പണം കൈമാറൂ എന്ന് കുഞ്ഞഹമ്മദ് നിലപാടെടുത്തു.
ഇതോടെ പുറത്തിറങ്ങിയ സംഘം രാത്രി തിരിച്ചെത്തി വീട്ടില്‍ അതിക്രമിച്ചുകയറി പണം തട്ടിയെടുക്കുകയായിരുന്നു എന്നാണു പരാതി. ബലപ്രയോഗത്തിനിടയില്‍ 20 ലക്ഷം രൂപ വീടിനകത്തുതന്നെ വീണു. ബാക്കി 80 ലക്ഷം രൂപയുമായാണ് സംഘം കടന്നത്. തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ റിവാജിന് കാര്‍ വാടകയ്ക്ക് നല്‍കിയയാളെ കണ്ടെത്തി.
കേസിലെ പ്രതി റിവാജിനെ പൊലീസ് പിടികൂടിയത് ക്രിക്കറ്റ് കളിക്കുന്നതിനിടെ. റിവാജിനെ നിരീക്ഷിക്കാന്‍ തുടങ്ങിയ പോലീസ് വേഷം മാറിയെത്തി ഇന്നലെ സ്കൂള്‍ ഗ്രൗണ്ടില്‍നിന്നു പിടികൂടുകയായിരുന്നു. കളിക്കിടെ പോലീസിനെ തിരിച്ചറിഞ്ഞ ഇയാള്‍ ഓടിക്കളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ കാര്‍ തളിപ്പറമ്ബില്‍നിന്ന് വാടകയ്ക്കെടുത്തതാണെന്നു മനസ്സിലാക്കിയ പൊലീസ് റിവാജിനെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. തളിപ്പറമ്ബ് മന്നയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ ഇയാള്‍ എല്ലാ ദിവസവും ക്രിക്കറ്റ് കളിക്കാന്‍ എത്താറുണ്ടെന്നു പോലീസ് മനസ്സിലാക്കി.
Read Also: ‘വ്യാജ അക്കൗണ്ട്’; തട്ടിപ്പിന് പിന്നിൽ ഐജി മുതല്‍ എസ്‌ഐ വരെ…
തുടര്‍ന്ന് തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ തിരൂര്‍ പോലീസ് തയാറാക്കിയ പദ്ധതി പ്രകാരം ഇന്നലെ പിടികൂടുകയായിരുന്നു. റിവാജിനെതിരെ പരിയാരം, തളിപ്പറമ്പ് സ്റ്റേഷനിലും കേസുകളുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് പരിയാരത്ത് പഴയ കറന്‍സി നോട്ടിനു പകരം പുതിയ നോട്ട് നല്‍കുമെന്ന് വിശ്വസിപ്പിച്ചശേഷം ഉത്തരേന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
തിരൂര്‍ സിഐ ടി.പി.ഫര്‍ഷാദ്, എസ്‌ഐമാരായ ജലീല്‍ കറുത്തേടത്ത്, കെ.ഷറഫുദ്ദീന്‍, കെ.പ്രമോദ്, എഎസ്‌ഐ ഷിബു വള്ളിക്കുന്ന്, കെ.അഭിമന്യു, തളിപ്പറമ്പ് സിഐ സത്യനാഥന്‍, എസ്‌ഐ സഞ്ജയ കുമാര്‍, അഡിഷനല്‍ എസ്‌ഐ അബ്ദുല്‍ റൗഫ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സ്നേഹേഷ്, ബീനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments