
തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സർക്കാർ വാദങ്ങൾ പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തം ഷോട്ട്സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ല.
തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. മാത്രമല്ല മുറിയിലെ ഫയര്‍ എക്സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ അഥോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സർക്കാരിനു കൈമാറുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി.
തീപിടിത്തത്തിനു കാരണം ഷോർട്ട്സർക്യൂട്ടാണെന്നാണ് ഫയർഫോഴ്സും അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതിപക്ഷ പാർട്ടികൾക്കും മാധ്യമങ്ങൾക്കും എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
Post Your Comments