എണ്ണമയമുള്ള ചർമക്കാർക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ടെന്ന്. മുഖം ഒപ്പിയും ഇടയ്ക്കിടെ മുഖം കഴുകിയും ചർമത്തെ വൃത്തിയായി സൂക്ഷിക്കാൻ അവർ വല്ലാതെ വലയാറുണ്ട്.
എന്നാൽ ഇത്തരക്കാർ ഈ തെറ്റുകൾ ആവർത്തിക്കരുത്.
ചർമത്തിലെ ജലാംശം നഷ്ടപ്പെടും
ചർമത്തിൽ തീരെ ജലാംശമില്ലെങ്കിൽ അത് എണ്ണയുൽപാദിപ്പിക്കുന്ന ഗ്രന്ഥിക്ക് ചില സൂചനകൾ നൽകും. അതനുസരിച്ച് ചർമത്തെ മോയിസ്ചറൈസ് ചെയ്യാൻ എണ്ണഗ്രന്ഥി കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുകയും ചർമം വീണ്ടും എണ്ണമയമുള്ളതാവുകയും ചെയ്യും. അതിനാൽ വെള്ളം കുടിക്കാൻ മടി കാണിക്കരുത്.
എപ്പോഴും മുഖം കഴുകല്ലേ
എണ്ണമയമുള്ള ചർമമുള്ളവരുടെ സ്ഥിരം പരിപാടിയാണ് എപ്പോഴും മുഖം കഴുകുന്നത്. അതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നു മാത്രമല്ല ദോഷം മാത്രമേയുള്ളൂ. ഇടവിട്ട് മുഖം കഴുകുന്നതുകൊണ്ട് ചർമത്തിലെ എണ്ണമയം കുറയില്ല. അത്ര അത്യാവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ മാത്രം മുഖം കഴുകാം.
മോയ്സചറൈസ് ചെയ്യാതിരിക്കല്ലേ
ചർമത്തെ മോയ്സചറൈസ് ചെയ്യാതിരുന്നാൽ എണ്ണമയം പൊയ്ക്കൊള്ളുമെന്ന മിഥ്യാധാരണ പുലർത്തുന്നവർ ഏറെയുണ്ട്. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണ്. മോയ്സചറൈസിങ് ഒഴിവാക്കുന്നത് വലിയ മണ്ടത്തരമാണ്. എണ്ണമയത്തെ നിയന്ത്രിക്കാനുള്ള ഫെയ്സ്‌വാഷോ ടോണറോ ഉപയോഗിച്ചാൽ തീർച്ചയായും വളരെ നേർത്ത, വാട്ടർ ബേസ്ഡായ ഒരു മോയ്സചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
മേക്കപ് പ്രോഡക്ട്സ് പരീക്ഷണം
എണ്ണമയമുള്ള ചർമത്തിൽനിന്ന് എത്രയും വേഗം മുക്തി നേടാൻ പലവിധത്തിലുള്ള മേക്കപ് ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കാറുണ്ട് പലരും. ഇത് ശരിയായ പ്രവണതയല്ല. അത് ചർമത്തിലെ സുഷിരങ്ങളടയാനും ചർമം കൂടുതൽ എണ്ണമയമുള്ളതാകാനും മാത്രമേ ഇടയാക്കൂ. സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്സ്‌വാഷോ ടോണറോ ഉപയോഗിച്ചാൽ ചർമത്തിലെ എണ്ണമയത്തെ വരുതിയിലാക്കാം.
മാനസിക സമ്മർദ്ദത്തെ അകറ്റി നിർത്തുക
ചർമത്തിലെ എണ്ണമയം കൂടാനുള്ള ഒരു പ്രധാന കാരണം ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനമാണ്. ഇത് ഏറ്റവും പ്രകടമാകുന്നത് ആർത്തവാരംഭം, ഗർഭകാലം, ആർത്തവവിരാമം തുടങ്ങിയ കാലഘട്ടങ്ങളിലാണ്. അതുകൊണ്ട് തന്നെ ഒരുപാട് അനാവശ്യമായി ചിന്തിക്കുന്നതും ടെൻഷൻ അടിക്കുന്നതും ചർമത്തിനു മാത്രമല്ല ആരോഗ്യത്തിന് തന്നെ ഹാനികരമാണ്.
Post Your Comments