തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പാടത്തേയ്ക്ക് താഴ്‌ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പുതുക്കാട് ഉഴിഞ്ഞാൽപ്പാടത്ത് വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കണ്ണമ്പത്തൂർ മാട്ടിൽ വേലായുധന്റെ മകൻ മനോജ് (കണ്ണൻ-42) ആണ് മരിച്ചത്. പാടശേഖരസമിതി പ്രസിഡന്റ് ആയിരുന്നു മനോജ്.
Read also: രാജ്യത്ത് പിടിമുറുക്കി കോവിഡ്; വൈറസ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേയ്ക്ക്
തിങ്കളാഴ്‌ച രാവിലെ എട്ടിനായിരുന്നു അപകടം. സ്വന്തംസ്ഥലത്ത് നെൽകൃഷിക്ക് വെള്ളം കെട്ടിനിർത്തിയത് നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. നെഞ്ചുയരത്തിൽ തൂങ്ങിക്കിടന്ന കമ്പിക്ക് അരികിലൂടെ അടുത്ത കണ്ടത്തിലേക്ക് കടക്കുന്നതിനിടെ തോളിൽ കമ്പി തട്ടുകയായിരുന്നു.
മനോജിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ ഇതേസ്ഥലത്ത് ട്രില്ലർ ഉപയോഗിച്ച് നിലമൊരുക്കിയിരുന്ന വരാക്കര സ്വദേശി തിലകനും ഷോക്കേറ്റിരുന്നു. എന്നാൽ, പരിക്ക് സാരമുള്ളതല്ല.
മികച്ച നെൽക്കർഷകനുള്ള പുതുക്കാട് പഞ്ചായത്തിന്റെ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ് മനോജ്. പാടത്തെ അപകടാവസ്ഥയെക്കുറിച്ച് ഒരുവർഷംമുമ്പ് തന്നെ മനോജ് വൈദ്യുതി അദാലത്തിൽ പരാതിപ്പെട്ടിരുന്നു. തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. കഴിഞ്ഞ 30-ന് നാട്ടുകാർ വൈദ്യുതിവകുപ്പിന്റെ പുതുക്കാട് സെക്ഷൻ ഓഫീസിലും പരാതി നൽകിയിരുന്നു.
Post Your Comments