അധികം പരിചരണമാവശ്യമില്ലാതെ വീട്ടുമുറ്റത്തു വളരുന്ന ചീരയ്ക്ക് ഗുണങ്ങള്‍ ഏറെ
വീട്ടിലെ അടുക്കള തോട്ടത്തില്‍ ഏറ്റവും സമൃദ്ധമായി വളരുന്ന ചെടിയാണ് ചീര. പോഷക ഗുണങ്ങള്‍ ഏറെയുള്ള ചീര ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ ഏറ്റവും മികച്ച ഇലക്കറിയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, കാത്സ്യം എന്നിവ അടങ്ങിയ ചീര കാഴ്ച ശക്തിക്കും ഗുണപ്രദമാണ്. ചീരകള്‍ തന്നെ പലവിധത്തിലുണ്ട്. നാടന്‍ചീര, മുള്ളന്‍ചീര, കുപ്പച്ചീര, കരിവേപ്പിലച്ചീര, മുള്ളന്‍തുവ, നെയ്ക്കുപ്പ, മധുരച്ചീര, സാമ്പാര്‍ചീര, അഗത്തിച്ചീര, കാട്ടുചീര, പൊന്നാങ്കണ്ണി, സുന്ദരിചീര എന്നിങ്ങനെ ഒരുപാട് തരം ചീരകളുണ്ട്. ഇത് മിക്കവാറും തനിയെ തന്നെ മുളച്ചുണ്ടാവുകയും ചെയ്യുന്നു.
ചീര കൊണ്ട് കറിയുണ്ടാക്കാം, ചീര തോരന്‍ വെയ്ക്കാം, സാമ്പാറിലിടാം അങ്ങനെ പലവിധത്തില്‍ ചീര ഭക്ഷണത്തില്‍ ഉപയോഗിക്കാം. 5.2 ഗ്രാം പ്രോട്ടീനും 6.1 ഗ്രാം ധാതുക്കളും 3.8 ഗ്രാം അന്നജവും 570 മില്ലിഗ്രാം കാല്‍സ്യവും 200 മില്ലിഗ്രാം ഫോസ് ഫറസും 19 മില്ലിഗ്രാം ഇരുമ്പും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടത്തിനും ഗുണം ചെയ്യുന്നു. കരോട്ടിന്‍ തയാമിന്‍, നിയാസിന്‍, റാബോഫ്‌ളാവിന്‍, നയാസിന്‍ എന്നിവയും ചീരയില്‍ അടങ്ങിയിരിക്കുന്നു.
ചീര നട്ട് കുറച്ച് ദിവസത്തിനകം തന്നെ അതില്‍ ഇലകള്‍ വന്നു തുടങ്ങും. പത്ത് പന്ത്രണ്ട് ഇലകളായാല്‍ തന്നെ പറിക്കാന്‍ തുടങ്ങാം. അധികം പരിപാലനമൊന്നും ചീരയുടെ വളര്‍ച്ചയ്ക്ക് ആവശ്യമില്ല. എങ്കിലും ജൈവ വളം ഉപയോഗിക്കുകയാണെങ്കില്‍ ചീര തഴച്ചു വളരും. രോഗപ്രതിരോധ ശേഷി വളത്തിയെടുക്കാനും ചീര ഗുണപ്രദമാണ്. പോഷക സമൃദ്ധിയാണ് ചീരയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് എല്ലാ വീടുകളിലും ചീര നട്ടു പിടിപ്പിക്കുന്നത് കൊണ്ട് ഗുണങ്ങള്‍ രണ്ടാണ്. ഒന്ന് കടയില്‍ പോയി കാശു കൊടുത്തു വാങ്ങാതെ സ്വന്തം വീട്ടുമുറ്റത്തു നിന്ന് തന്നെ ആവശ്യത്തിന് പറിച്ചെടുക്കാം. രണ്ട് പോഷക ഗുണങ്ങള്‍ ഏറെയുള്ള ചീരകൊണ്ട് ആരോഗ്യവും മെച്ചപ്പെടുത്താം.
Post Your Comments