തൃശ്ശൂര്‍: സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിന്റെ (26) കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഎം. സനൂപിന്റെ സ്വദേശമായ ചൊവ്വന്നൂര്‍ പഞ്ചായത്തിലാണ് ഇന്ന് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നത്. ഹര്‍ത്താലില്‍ വാഹനങ്ങളൊന്നും തടയില്ലെന്നും എന്നാല്‍ വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ ആഹ്വാനം ചെയ്യുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
ചിറ്റിലങ്ങാട് വച്ചു ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സനൂപിനെ ഒരു സംഘം കൊലപ്പെടുത്തിയത്. സുഹൃത്തുക്കളായ അഞ്ഞൂര് സി ഐ ടി യു തൊഴിലാളി ജിതിന്. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്ത്തകന് വിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിഥുന് എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സനൂപ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപ് വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് ഇത്രയും കാലം ജീവിച്ചത്. കോവിഡ് കാലത്തെ സേവനപ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായിരുന്നു സനൂപ്. നാട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും വളരെ നല്ല അഭിപ്രായമായിരുന്നു സനൂപിനെ കുറിച്ച്. സനൂപിന് ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്നും പ്രദേശത്ത് നേരത്തെ രാഷ്ട്രീയസംഘര്‍ഷം ഒന്നും നിലനിന്നിരുന്നില്ലെന്നുമാണ് പൊലീസും നാട്ടുകാരും പറയുന്നത്. എന്നാല്‍ ബി ജെ പി പ്രവര്‍ത്തകരാണ് സനൂപിനെ കൊലപ്പെടുത്തിയതെന്ന് സി പി എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
Post Your Comments