സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ദളിതര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊടിക്കുന്നില്‍ സുരേഷ് ഈക്കാര്യം പറയുന്നത്.
വട്ടവടയിലെ ജാതി വിവേചനം, വിനായകന്റെ ആത്മഹത്യ, വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം, കെവിന്‍ വധം, ചിത്രലേഖയ്ക്ക് എതിരെയുള്ള ആക്രമണം, കൊല്ലത്ത് ദളിത് ബാലനെ വാഴക്കൈയ്യില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്, കവിതാ മോഷണ വിവാദത്തില്‍ കവി എസ് കലേഷിനെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചത്, ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമം തുടങ്ങിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നില്‍ സുരേഷിൻറെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം……………………………………….
എസ് എഫ് ഐയുടെ രക്തസാക്ഷി അഭിമന്യുവിന്റെ സ്വദേശമാണ് വട്ടവട. സി.പി.എം സ്വാധീന മേഖല. അവിടെ ദലിതർക്ക് ബാർബർ ഷോപ്പിൽ പോയി മുടി വെട്ടാൻ പോലും സ്വാതന്ത്ര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വാർത്ത. പുതിയ പൊതു ബാർബർ ഷോപ്പ് നിർമിച്ച് കേസ് അനുരഞ്ജനത്തിലൂടെ ഒത്തുതീർപ്പാക്കി എന്നല്ലാതെ പതിറ്റാണ്ടുകളായി ദളിതർക്കെതിരെ വിവേചനം കാണിച്ചു കൊണ്ടിരിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനൊ നിയമനടപടി സ്വീകരിക്കാനൊ ഇടത് സർക്കാർ തയ്യാറായില്ല.
വിനായകൻ എന്ന പാവപ്പെട്ട യുവാവിനെ അൽപ്പം മുടി വളർത്തി എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അക്രമിക്കുകയും ഒടുവിൽ അവന് അപമാന ഭാരത്താൽ ആത്മഹത്യ ചെയ്യേണ്ടി വന്നതും കേരളത്തിൽ ആണ്.
വാളയാറിൽ രണ്ട് ദളിത് സഹോദരിമാരുടെ കൊലക്ക് ഉത്തരവാദികളും തെളിവും ഇല്ലാതാക്കിയതും, ആ പ്രതികളുടെ അഭിഭാഷകനെ ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനാക്കിയതും കേരളത്തിൽ ആണ്.
കെവിൻ എന്ന ദളിത് യുവാവിന്റെ ജാതിക്കൊലയിൽ പങ്കാളിയായ പോലീസ് ഉദ്യോഗസ്ഥനെ കെവിന്റെ ആണ്ട് തികയും മുൻപ് സർവീസിൽ തിരിച്ചെടുത്തതും, ചിത്രലേഖയുടെ ഓട്ടോയും വീടും നശിപ്പിച്ചതും, കൊല്ലത്ത് ദലിത് ബാലൻ വാഴക്കയ്യിൽ തൂങ്ങി മരിച്ചതാണെന്ന് പോലീസ് വിധി പറഞ്ഞതും കേരളത്തിൽ ആണ്.
ദലിത് കവിയായ എസ് കലേഷിന്റെ കവിത സ്വന്തം പേരിൽ അധ്യാപിക പ്രസിദ്ധീകരണത്തിനയച്ചത് ചർച്ച ആയപ്പോൾ ആ കവിയെ തന്നെ കുറ്റക്കാരനാക്കാൻ ശ്രമിച്ചതും ഇപ്പോൾ അതിന്റെ തുടർച്ചയെന്നോണം സംഗീത നാടക അക്കാദമി അവസരങ്ങൾ നിഷേധിച്ചത് മൂലം കലാഭവൻ മണിയുടെ സഹോദരനും പ്രശസ്ത നർത്തകനുമായ രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചതും ഇതേ കേരളത്തിൽ ആണ്.
ഇതൊക്കെ നടന്നത് ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്താണെന്ന് മാത്രമല്ല, പ്രതികളെ ചേർത്ത് പിടിക്കാൻ ആണ് സർക്കാർ എന്നും ശ്രമിച്ചിട്ടുള്ളതും. ഇടതുപക്ഷത്തിന്റെ കൃത്യമായ ഇരട്ടത്താപ്പാണിത്.
മേൽ പറഞ്ഞ വിഷയങ്ങളിൽ സർക്കാറിന്റെ നിലപാടുകൾ ചോദിച്ചാൽ കേരളത്തിൽ നിന്ന് യോഗി ആദിത്യനാഥിന്റെ യുപിയിലേക്ക് വലിയ ദൂരമൊന്നുമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്..
വാഹന പരിശോധനയ്ക്ക് കാണിക്കുന്ന ജാഗ്രത പോലും സാധാരണക്കാരുടെ കാര്യത്തിലില്ലാത്ത സംസ്ഥാന സർക്കാരിന്റെ ആളുകൾ ആണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി യോഗി ആദിത്യനാഥിന്റെ പോലീസിനെ തെരുവിൽ നേരിടുന്ന രാഹുൽ ഗാന്ധിയെ ഈ അവസരത്തിലും അധിക്ഷേപിക്കുന്നത് സ്വന്തം കയ്യിലെ ചോരക്കറ മറച്ചുപിടിക്കാനുള്ള സി.പി.എം പ്രവർത്തകരുടെ ഗൂഢതന്ത്രമാണെന്ന് ആർക്കാണ് മനസ്സിലാകാത്തത്..
കൊടിക്കുന്നിൽ സുരേഷ് എം.പി
വർക്കിങ് പ്രസിഡന്റ്, കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി.
https://www.facebook.com/kodikunnilMP/posts/2772265086343744
Post Your Comments