Latest NewsNewsIndia

‘കോവിഡ് അല്ല ഏറ്റവു വലിയ മഹാമാരി, ബിജെപിയാണ്’; ദളിതരെ പീഡിപ്പിക്കുന്ന മഹാമാരി; കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് മമത

കൊൽക്കത്ത: ഉത്തർപ്രദേശിലെ ഹത്‌റാസിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയാണ് രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരി എന്ന് വിമർശിച്ച മമത, ദളിതർക്കും പിന്നോക്ക വിഭാഗങ്ങളിൽപെടുന്നവർക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരിയാണ് ബിജെപിയെന്നും ആരോപിച്ചു.

Read also: പാലാരിവട്ടം പാലം നിർമ്മാണം: ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

‘കോവിഡ് 19 അല്ല ഏറ്റവു വലിയ മഹാമാരി. ബിജെപിയാണ്. ദളിതർക്കും പിന്നോക്ക വിഭാഗങ്ങളിൽപെടുന്നവർക്കുമെതിരെ അതിക്രമം അഴിച്ചുവിടുന്ന ഏറ്റവും വലിയ മഹാമാരി.. ഇങ്ങനെയുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നമ്മൾ അണിനിരക്കണം’ ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മമത പറഞ്ഞു.

‘ബിജെപിക്കെതിരെ ശബ്ദം ഉയർത്താൻ ഞങ്ങൾക്ക് ഭയമില്ല. നിങ്ങളുടെ വെടിയുണ്ടകളെയും ഭയമില്ല. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ എന്നത് മാറി ജനങ്ങൾക്കെതിരായ, ദളിതർക്കെതിരായ കർഷകർക്കെതിരായ സർക്കാരാണുള്ളത്’ മമത വ്യക്തമാക്കി.

തന്‍റെ ജാതി മനുഷ്യത്വം ആണെന്ന് പറഞ്ഞ മമത, ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിവേചനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും അവസാനം വരെ താൻ ദളിതർക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

തൃണമൂൽ സംഘം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി യുപിയിലെത്തിയിരുന്നു. എന്നാൽ ഇവരെ പൊലീസ് തടയുകയാണുണ്ടായത്. ഇത് ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മമത പാര്‍ട്ടി എംപിമാരുൾപ്പെടെ ഉള്ളവരെ പൊലീസുകാർ കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ചു.

ഉത്തർപ്രദേശിലെ ഹത്‌റാസിൽ ഈ മാസം പതിനാലിനാണ് 19 കാരി പീഡനത്തിനിരയായത്. പുല്ലുവെട്ടാൻ കുടുംബാംഗങ്ങൾക്ക് ഒപ്പം പോയ ദളിത് പെൺകുട്ടിയാണ് ക്രൂരതക്ക് ഇരയായത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികൾ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിഞ്ഞ അവസ്ഥയിലായിരുന്നു.

കുടുംബം ആരോപണം ഉന്നയിച്ചത് പ്രദേശത്തെ ഉന്നത ജാതിക്കാർക്ക് എതിരെയാണ്. സംഭവത്തിൽ പൊലീസിനെതിരെയും കുടുംബം രംഗത്തെത്തി. പൊലീസ് തിടുക്കപ്പെട്ടാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നാണ് വിവരം.

shortlink

Post Your Comments


Back to top button