മുംബൈ : നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാരോപിച്ച് താരത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അക്ഷതിന്റെ കൂടെ താമസിച്ചിരുന്ന ശിഖ രാജ്പുത്, സൊസൈറ്റി സെക്രട്ടറി കിഷോര്‍ ഠാക്കുര്‍, അക്ഷതിന്റെ അമ്മാവന്‍ വിക്രാന്ത് കിഷോര്‍ എന്നിവര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്നും ഇവര്‍ പറയുന്നു.
മുംബൈയിലെ അന്ധേരിയിലെ വാടക ഫ്‌ലാറ്റില്‍ ആണ് ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന്‍ അക്ഷത് ഉത്കര്‍ഷിനെ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചില ടിവി സീരിയല്‍, പരസ്യം എന്നിവയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള അക്ഷത്, അടുത്തിടെ ‘ലിറ്റി-ചോഖാ’ എന്നൊരു ഭോജ്പുരി സിനിമയില്‍ കരാറൊപ്പിട്ടിരുന്നു. അക്ഷതിന്റെ ഒപ്പം താമസിച്ചിരുന്ന വനിതാ സുഹൃത്താണു മൃതദേഹം കണ്ടെത്തിയത്. താരം ജോലിയില്ലാത്തതിനാല്‍ വിഷാദത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നും അംബോളി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംഭവം നടന്നപ്പോള്‍ ആര്‍ടിഒയിലെ അന്ധേരിക്ക് സമീപമുള്ള പ്രദേശത്ത് അക്ഷത് തന്റെ ഒരു പെണ്‍സുഹൃത്തിനൊപ്പം താമസിക്കാറുണ്ടെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. യുവതിയുടെ പ്രസ്താവന പ്രകാരം, ഞായറാഴ്ച വൈകുന്നേരം അക്ഷത് പതിവുപോലെ പെരുമാറിയിരുന്നു അവര്‍ പതിവുപോലെ വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും തുടര്‍ന്ന് ഉറങ്ങുന്നതിനുമുമ്പ് ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
രാത്രി 11.30 ഓടെ വാഷ്‌റൂം ഉപയോഗിക്കാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അക്ഷത്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ഉടന്‍ തന്നെ യുവതി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും അംബോലി പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവികമായതൊന്നും കാണിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10 നും 11:30 നും ഇടയിലാണ് സംഭവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ കാരണം ജോലിയില്ലാത്തതിനാലും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങേണ്ടിവന്നതിനാലും അക്ഷത് വിഷാദാവസ്ഥയിലാണെന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
Post Your Comments