
എല്ലാവരുടെയും പേടിസ്വപ്നമാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ മൂലം മുടികൊഴിച്ചിലുണ്ടാകാം. ജീവിതശൈലിയിലെ മാറ്റങ്ങൾ, സ്ട്രെസ്സ്, ഭക്ഷണത്തിലെ പ്രശ്നങ്ങൾ എന്നിങ്ങനെ മുടികൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്. എന്നാൽ മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഭക്ഷണരീതിയിൽ മാറ്റം വരുത്താം
ആരോഗ്യകരവും സമീകൃതവുമായ ആഹാരശീലങ്ങൾ മുടികൊഴിച്ചിലിനെ കുറയ്ക്കുകയും തടയുകയും ചെയ്യും. ആവശ്യത്തിന് പ്രോട്ടീനും കൃത്യമായ വ്യായാമവും ശരീരത്തിന് ലഭിക്കണം. മത്സ്യം, മാംസം, നട്സ്, ബെറികൾ, ഇവവർഗങ്ങൾ എന്നിവ ദിവസവുമുള്ള ഭക്ഷണശീലങ്ങളുടെ ഭാഗമാക്കണം. മുടി വളരാനും മുടികൊഴിച്ചിൽ തടയാനും ബയോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി, ബീറ്റാ കരോട്ടിൻ എന്നിവ ആവശ്യമാണ്. ഇവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് ഈ പ്രശ്നങ്ങൾ അകറ്റും.
പുറത്തുപോകുമ്പോൾ തല മൂടാം
സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മുടിയ്ക്ക് തകരാറുകളുണ്ടാക്കും. അൾട്രാവയലറ്റ് റേഡിയേഷൻ അമിതമായി തലയിലേൽക്കുന്നത് മുടിയിലെ പ്രോട്ടീനുകളുടെ ശക്തികുറയ്ക്കാനും നശിപ്പിക്കാനും ഇടയാക്കുന്നു. ഈ പ്രോട്ടീനുകളാണ് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും മുടിയുടെ പൊതുവേയുള്ള ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതും. അതിനാൽ തന്നെ കടുത്ത വെയിലത്ത് പോകുമ്പോൾ തലയിൽ ഷാൾ ഇടുകയോ കുട ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്യാം. ബൈക്കിൽ യാത്ര ചെയ്യുന്നവർ ഒരു തുണികൊണ്ട് തല പൊതിഞ്ഞ ശേഷം ഹെൽമെറ്റ് ധരിക്കണം.
സ്ട്രെസ്സ് കുറയ്ക്കണം
മുടികൊഴിച്ചിൽ ഉൾപ്പടെ പല ശാരീരിക മാനസിക പ്രശ്നങ്ങളുടെയും പ്രധാന കാരണം മാനസിക സമ്മർദമാണ്. സ്ട്രസ്സ് കൂടുമ്പോൾ മുടിയുടെ പുതിയ വളർച്ചാ ചക്രം തടസ്സപ്പെടുന്നു. സ്ഥിരമായി ധ്യാനം, യോഗ എന്നിവ ശീലിക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്യുന്നത് സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും. ഇത് മുടികൊഴിച്ചിലിനെ കുറയ്ക്കും.
മുടിയിൽ അധികം മേക്കപ്പ് വേണ്ട
മുടിയിൽ വളരെയധികം സ്റ്റൈലിങ് വസ്തുക്കൾ ഉപയോഗിക്കുന്നത് ഹെയർ ഫോളിക്കിളുകളെ ഗുരുതരമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യും. ബ്ലോ ഡ്രയറുകൾ, സ്ട്രെയ്റ്റനിങ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മുടിയെ എളുപ്പത്തിൽ നശിപ്പിക്കുകയും മുടിവേരുകളെ ദുർബലമാക്കുകയും ചെയ്യും. മുടിയിൽ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ അമിതമാകുന്നത് മുടി വളർച്ചയെ ബാധിക്കുകയും മുടിയുടെ കനം കുറഞ്ഞ് പൊട്ടിപ്പോകാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണം.
Post Your Comments