KeralaLatest NewsIndia

വർക്കലയിൽ കോണ്‍ട്രാക്ടറുടെയും കുടുംബത്തിന്റെയും ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍

അശോക് കുമാര്‍ ജോലി തുടങ്ങുകയോ തുക മടക്കി നല്‍കുകയോ ചെയ്‌തില്ലെന്ന് പൊലീസ് പറഞ്ഞു.

വര്‍ക്കല: മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസിലെ കോണ്‍ട്രാക്ടര്‍ ശ്രീകുമാറിന്റെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്‌തു. പേയാട് കുണ്ടമണ്‍കടവ് ആഞ്ജനേയത്തില്‍ നിന്നും വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തിട്ടമംഗലം പുലരി റോഡിനു സമീപം കൂള്‍ഹോമില്‍ വാടകയ്ക്ക് താമസിക്കുന്ന അശോക് കുമാറിനെയാണ് (60) ഇന്നലെ പിടികൂടിയത്.

ശ്രീകുമാറിന്റെ സുഹൃത്തും സബ് കോണ്‍ട്രാക്ടറുമാണ് ഇയാള്‍. 2014ല്‍ ശ്രീകുമാര്‍ ഏറ്റെടുത്ത ശംഖുംമുഖം എയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സിന്റെ 10 കോടിയുടെ കരാര്‍ ജോലി അശോക് കുമാര്‍ സബ് കോണ്‍ട്രാക്ടായി ഏറ്റെടുത്തു. രണ്ടരക്കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി ജോലി തുടങ്ങാനായി ശ്രീകുമാര്‍ അശോക് കുമാറിന് നല്‍കി. ഇതിനുപുറമെ ഡോക്യുമെന്റ് സെക്യൂരിറ്റിക്കായി 50 ലക്ഷം രൂപയും നല്‍കി.

എന്നാല്‍ അശോക് കുമാര്‍ ജോലി തുടങ്ങുകയോ തുക മടക്കി നല്‍കുകയോ ചെയ്‌തില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഭീമമായ കടക്കെണിയിലായ ശ്രീകുമാറിന്റെ വീടും വസ്‌തുക്കളും ജപ്‌തി നടപടിയിലേക്ക് നീങ്ങുകയും ചെയ്‌തു. ശ്രീകുമാറിന്റെയും അശോക് കുമാറിന്റെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സൂക്ഷ്‌മമായി പരിശോധിച്ചു.

read also: ന്യൂമാഹിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പരിക്ക് ഗുരുതരം

മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസിലെ ഉദ്യോഗസ്ഥരില്‍ നിന്നു ശേഖരിച്ച വിവരത്തിന്റെയും ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശത്തിന്റെയും അടിസ്ഥാനത്തിലാണ് അശോക് കുമാറിനെ പൊലീസ് പിടികൂടിയത്. സെപ്‌തംബര്‍ 15ന് പുലര്‍ച്ചെയാണ് വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ (58), ഭാര്യ മിനി (50), മകള്‍ അനന്തലക്ഷ്മി (26) എന്നിവരെ വീട്ടില്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.

ഭീമമായ കടബാദ്ധ്യതയും ബാങ്കിന്റെ ജപ്‌തിഭീഷണിയും സുഹൃത്തിന്റെ ചതിയുമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വര്‍ക്കല സി.ഐ ജി. ഗോപകുമാര്‍, എസ്.ഐ പി. അജിത്ത് കുമാര്‍, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍‌ഡ് ചെയ്‌തു.

shortlink

Post Your Comments


Back to top button