ജയ്പൂര്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവേശന കവാടത്തില്‍ യുവതി പ്രസവിച്ചു. രാജസ്ഥാനിലെ ഭരത്പൂരില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രിയുടെ ചാര്‍ജുള്ള ഡോക്ടര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 25നായിരുന്നു ഭരത്പൂരിലുള്ള ഗ്രാമത്തില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി യുവതിയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. സഹായത്തിനായി നിരവധി തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും സൗജന്യസേവനം നല്‍കേണ്ട ആംബുലന്‍സിന്റെ ഡ്രൈവര്‍ ഇവരുടെ കൈയ്യില്‍ നിന്ന് 500 രൂപ കൈപ്പറ്റിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രസവത്തിന് പിന്നാലെ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ഈ അടുത്തകാലത്തായി നടന്ന രണ്ടാമത്തെ സംഭവമാണിത്. ആശുപത്രിയില്‍ നിന്ന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഏപ്രിലില്‍ ആംബുലന്‍സില്‍ വച്ച് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. മതം കാരണം ജില്ലാ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.
എന്നാല്‍, ഈ അവകാശവാദങ്ങള്‍ ആശുപത്രി നിഷേധിച്ചിരുന്നു. ‘യുവതിയ്ക്ക് ചികിത്സ നല്‍കി, അവള്‍ക്ക് രക്തസ്രാവമുണ്ടായിരുന്നു, ഡോക്ടര്‍ ഒരു കുത്തിവയ്പ്പ് നിര്‍ദ്ദേശിച്ചു. പ്രസവശേഷം, കുട്ടിക്ക് അനെന്‍സ്ഫാലി ഉണ്ടെന്ന് ഞങ്ങള്‍ കണ്ടു, അതിനര്‍ത്ഥം വികസിത തലച്ചോറുണ്ടെന്നും ഇത് ഗര്‍ഭം അലസിപ്പിക്കുന്നതിലേക്ക് നയിച്ചതായും’ ഡോ. രുപീന്ദര്‍ ജാ പറഞ്ഞിരുന്നു.
Post Your Comments