തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ രണ്ട് സ്വകാര്യ ബാങ്കുകളിലായി കോടികളുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ട് ഉള്ള സ്വകാര്യ ബാങ്കിൽ മാത്രം സ്വപ്നാ സുരേഷിന് 38 കോടിയുടെ നിക്ഷേപമുണ്ട്. ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപിനും ഇതേ ബാങ്കിൽ അക്കൗണ്ടുണ്ട്.
Read also: കേരളത്തിലെ കോവിഡ് വ്യാപനം അതിതീവ്രം; തിരിച്ചറിയാത്ത രോഗ ബാധിതർ 36 ഇരട്ടി
യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നാണ് സ്വപ്ന തന്റെ അക്കൗണ്ടിലേക്ക് ഇത്രയും തുക മാറ്റിയത്. ഇതിനുപുറമേ മറ്റുചില അക്കൗണ്ടിൽനിന്നും നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി.
ഒരാൾക്ക് പണമായി പിൻവലിക്കാവുന്ന പരിധിയിൽക്കവിഞ്ഞ തുക സ്വപ്ന ബാങ്കിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇതിനെ ബാങ്ക് മാനേജർ എതിർപ്പറിയിച്ചപ്പോൾ അക്കൗണ്ടുകൾ മറ്റൊരു ബാങ്കിലേക്കു മാറ്റുമെന്ന ഭീഷണിമുഴക്കിയാണ് സമ്മതിപ്പിച്ചത്. ഇക്കാര്യം ബാങ്ക് മാനേജർ ഇ.ഡി.യോടു സമ്മതിച്ചിട്ടുണ്ട്. കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടാണ് കോൺസുലേറ്റിന്റേത്. ഇത് നഷ്ടപ്പെടുമെന്നതുകൊണ്ടാണ് സ്വപ്നയുടെ ഭീഷണിക്ക് മാനേജർ വഴങ്ങിയതെന്നാണു വിവരം. കോൺസുലേറ്റിന്റെയും സന്ദീപ്, സ്വപ്ന എന്നിവരുടെയും അക്കൗണ്ട് വിവരങ്ങൾ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുതന്നെയുള്ള മറ്റൊരു സ്വകാര്യബാങ്കിലും സ്വപ്നാ സുരേഷിന് നിക്ഷേപമുണ്ട്. ഈ സ്വകാര്യബാങ്കിന്റെ വിവിധശാഖകളിലായി ആറ് അക്കൗണ്ടുകളും ഒരു ലോക്കറും സ്വപ്നയ്ക്കുണ്ടെന്നാണു സംശയിക്കുന്നത്. ഇവിടെയും സന്ദീപിനും അക്കൗണ്ടുണ്ട്. ചില സഹകരണബാങ്കിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും ഇ.ഡി.ക്കു ലഭിച്ചിട്ടുണ്ട്.
Post Your Comments