മകന്‍റെ ദുരൂഹ മരണത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാതെ കൊല്ലങ്കോട് നെന്മേനി വീട്ടില്‍ വേലായുധന്‍ മാസ്റ്റര്‍ യാത്രയായി. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട മകന്‍ ശശീന്ദ്രനും മക്കള്‍ക്കും നീതി തേടിയുള്ള പോരാട്ടത്തിലായിരുന്നു വേലായുധൻ മാസ്റ്റർ.
2011 ജനുവരി 24ന് ശശീന്ദ്രനെയും എട്ടും ആറും വയസ്സുള്ള വിവേകിന്റെയും വ്യാസിന്റെയും കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ കാഴ്ച കണ്ട ആഘാതത്തില്‍ നിന്നും ശശീന്ദ്രന്റെ ഭാര്യ ടീന ഇനിയും മോചിതയായിട്ടില്ല. മക്കളെ കൊലപ്പെടുത്തി ശശീന്ദ്രന്‍ തൂങ്ങിമരിച്ചുവെന്നാണ് പോലീസും പിന്നീട് സിബിഐയും കണ്ടെത്തിയത്. എന്നാൽ അന്വേഷണം അട്ടിമറിച്ചതായി വീട്ടുകാർ ആരോപിച്ചു. പുനരന്വേഷണം ആവശ്യപ്പെട്ടു.
ഇതിനായി ആക്ഷൻ കൗൺസിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പാലക്കാട് കലക്ടറേറ്റിലും മറ്റും നടത്തിയ നിരവധി സമരങ്ങളിൽ ശശീന്ദ്രൻ്റെ പിതാവ് വേലായുധൻ മാസ്റ്റർ സജീവമായി പങ്കെടുത്തു. നീതി ലഭിച്ചില്ലെന്ന് വേലായുധൻ മാസ്റ്റർ വേദനയോടെ പറഞ്ഞു. വാർധക്യസഹജമായ രോഗങ്ങളേക്കാളും ഈ പിതാവിനെ തളർത്തിയത് മകൻ്റെയും പേരമക്കളുടെയും ദുരൂഹമരണത്തിൽ നീതി ലഭിച്ചില്ല എന്ന വേദനയായിരുന്നു.
സിബിഐയുടെ കണ്ടെത്തലുകൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോഴും തീർപ്പായിട്ടില്ല. ഇതിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി രണ്ടു മാസം മുൻപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് പരാതി നൽകി അനുകൂല നടപടി പ്രതീക്ഷിച്ച് കാത്തിരിപ്പിനിടെയാണ് മരണം സംഭവിച്ചത്.
Post Your Comments