കോഴിക്കോട്: നിലമ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. നിലമ്പൂരിലെ വ്യവസായി മൂര്‍ക്കന്‍ മന്‍സൂറിനെ കോഴിക്കോട് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി പദ്മാക്ഷനെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ വീണ്ടും ഇ.ഡി വിളിച്ചുവരുത്തിയേക്കും.
മേരിമാത ഹയര്‍ എഡ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റിന്‍റെ പേരില്‍ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ തട്ടിപ്പില്‍ നിലമ്പൂരിലെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിക്കുന്ന വിവരം. വിദ്യാർഥികളിൽ നിന്ന‌് കോടികൾ തട്ടിയെടുത്ത പ്രതിക്ക‌് സഹായം ചെയ‌്തെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ചോദ്യം ചെയ്തത്. ബുധനാഴ‌്ച പകൽ 11ന‌് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട‌് നാല‌് വരെ നീണ്ടു.
ആര്യാടൻ ഷൗക്കത്തിന്റെ അടുപ്പക്കാാരനായ തിരുവമ്പാടി സ്വദേശി സിബി വയലിൽ തന്റെ ‘മേരിമാത എജ്യൂക്കേഷണൽ ട്രസ‌്റ്റി’ന്റെ പേരിൽ വിദ്യാഭ്യാസ തട്ടിപ്പ‌് നടത്തിയിരുന്നു. കാനഡ, അമേരിക്ക, ആസ‌്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എംബിബിഎസ‌് പഠനത്തിന‌് സീറ്റ‌് നൽകാമെന്ന‌് വാഗ‌്ദാനം നൽകിയായിരുന്നു തട്ടിപ്പ‌്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിദ്യാർഥികൾ തട്ടിപ്പിനിരയായി. ഈ കേസിൽ ഇയാളെ കഴിഞ്ഞ നവംബറിൽ അറസ‌്റ്റ‌് ചെയ‌്തിരുന്നു.
Post Your Comments