തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സർക്കാർ. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത വ്യാപാര സ്ഥാപങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിക്കേണ്ടതാണ്. സാമൂഹിക അകലം കണക്കാക്കി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എണ്ണം ആളുകളെ മാത്രമേ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. കുറഞ്ഞത് ഒരു മീറ്റര്‍ അകലം മാര്‍ക്ക് ചെയ്ത് വൃത്തം വരയ്ക്കണം. ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും,ഷോപ്പിംഗ് മാളുകളിലും ,പൊതുമാര്‍ക്കറ്റുകളിലും പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഉപഭോക്താക്കളെ കൂട്ടം കൂടാതെ നിയന്ത്രിക്കേണ്ടതും കൈകള്‍ വൃത്തിയാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും കടയുടമയുടെ ബാധ്യതയാണ്. പോലീസ് പരിശോധനങ്ങളില്‍ രോഗ വ്യാപനം ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിക്കുന്നതിനുള്ള നടപടി കര്‍ശനമായി നടപ്പിലാക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അതോടൊപ്പം കടകള്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതോ, നിയന്ത്രിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ 112 ല്‍ ബന്ധപ്പെട്ട് അറിയിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.
Post Your Comments