അമ്പലവയൽ: വയനാട് കാക്കവയലിൽ സർവീസിനായി ഷോറൂമിൽ നൽകിയ കാർ മോഷ്ടിച്ചു കടന്ന കള്ളനെ വാഹന ഉടമയും സംഘവും പിന്തുടർന്ന് പിടികൂടി. വാഹനം മോഷ്ടിച്ച ബെംഗളൂരു സ്വദേശി നസീറിനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി സർവീസിനു കൊടുത്ത വാഹനം ഷോറൂമിൽ താക്കോൽ സഹിതം കിടന്നതാണ് നസീറിന് മോഷണം എളുപ്പമാക്കിയത്.
അമിതവേഗത്തിൽ ദേശീയപാതയിലൂടെ പാഞ്ഞ വാഹനം റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ഇന്റർസെപ്റ്ററിൽ പതിഞ്ഞു. ഓവർസ്പീഡിന്റെ വിവരം പറയാൻ ഉടമയുടെ ഫോണിലേക്ക് പൊലീസ് വിളിച്ചു. സർവീസിനു കൊടുത്ത വണ്ടി ഓവർസ്പീഡിനു റഡാറിൽ കുടുങ്ങിയതറിഞ്ഞ് ഞെട്ടിയ വാഹന ഉടമ ഷോറൂമിൽ ബന്ധപ്പെട്ടു. അപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്. കള്ളനെ തിരഞ്ഞിറങ്ങിയ വാഹന ഉടമയ്ക്കു മുന്നിൽ മോഷ്ടാവ് കാറുമായി വന്ന് പെട്ടു.
കാർ ചെറിയ റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകൾ ഇടിച്ചിട്ട് റോഡരികിലെ പൈപ്പുകളുടെ മുകളിലേക്ക് ഓടിക്കയറി. പിന്നെയും മുന്നോട്ട് ഓടിച്ച കാർ കുറച്ചു ദൂരെയെത്തിയപ്പോൾ നിർത്തിയിട്ട് മോഷ്ടാവ് സ്ഥലംവിട്ടു. ഇതിനടുത്തുള്ള കെട്ടിടത്തിനുള്ളിൽ നിന്ന് മോഷ്ടാവിനെ തിരഞ്ഞു പിടിക്കുകയായിരുന്നു.
Post Your Comments