തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നഴ്‌സ് ഉൾപ്പെടെ പത്ത് ആരോഗ്യപ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.രോഗിയെ പരിചരിച്ചതിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടി. ഇവർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും.
തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് സംഭവം നടന്നത്. കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനായിരുന്നു ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു.
ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. 26ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ആരോഗ്യപ്രവർത്തകർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments