കുവൈറ്റ് സിറ്റി: ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി. ആധുനിക കുവൈത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് വിടവാങ്ങിയ കുവൈറ്റി അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ്. 40 വര്‍ഷത്തിലേറെ കുവൈറ്റ് വിദേശകാര്യ മന്ത്രിയും 14 വര്‍ഷത്തിലേറെ കുവൈത്ത് അമീറുമായിരുന്ന അദ്ദേഹം ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. കുവൈത്തില്‍ എറ്റവും അധികം പ്രവാസികളുള്ള ഇന്ത്യയുമായി മികച്ച ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു.
1963 മുതല്‍ 2003 വരെ കുവൈത്ത് വിദേശകാര്യ മന്ത്രി, പിന്നീട് 2006 മുതല്‍ രാജ്യത്തിന്റെ പരമാധികാരി. ആധുനിക കുവൈത്തിന്റെ വളര്‍ച്ചയില്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ മാറ്റി നിര്‍ത്തി ചരിത്രം എഴുതാനാവില്ല. ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം ഇന്ന് കാണുന്ന രാജ്യത്തിന്റെ പുരോഗതിയിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. അതേസമയം തങ്ങളെ ആക്രമിച്ച ഇറാഖിന് പിന്നീട് സഹായഹസ്തം നീട്ടി അമീര്‍ ലോകത്തിന് കാരുണ്യത്തിന്റെ സന്ദേശം നല്‍കി. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ സമാധാന ദൂതനായി അദ്ദേഹം അറിയപ്പെടുന്നതും. നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയങ്ങളില്‍ മധ്യസ്ഥനായിരുന്നു അദ്ദേഹം. ഖത്തറിനെതിരെ സൗദി അടക്കമുള്ള ചില അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും സമാധാന ദൂതനായി പറന്നിറങ്ങിയതും അദ്ദേഹമാണ്.
അതുകൊണ്ടു തന്നെയാണ് ഐക്യരാഷ്ട്രസഭയുടേതടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പുരസ്‌ക്കാരങ്ങള്‍ ശൈഖ് സബാഹിനെ തേടിയെത്തിയത്.
Post Your Comments