കോഴിക്കോട്: ഗര്‍ഭിണിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. യുവതിയെ ഐസിയുവിൽ നിന്ന് മാറ്റി. പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായതോടെയാണ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
Read also: ശബരിമലയിൽ എത്ര ഭക്തരെ പ്രവേശിപ്പിക്കാം; തീരുമാനമെടുക്കാനായി സർക്കാർ വിളിച്ച യോഗം ഇന്ന്
ചികിത്സ തേടി 14 മണിക്കൂർ അലഞ്ഞതിന് ശേഷമാണ് ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ശരീഫ്- സഹല ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ അഞ്ചു ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു.
ഗർഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കൊവിഡ് ചികിത്സ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് പോയതാണ്. തുടർന്ന് കടുത്ത വേദനയെ തുടർന്നാണ് പുലർച്ചെ തിരികെ ആശുപത്രിയിൽ എത്തിയത്. എന്നാൽ കൊവിഡ് ചികിത്സ പൂർത്തിയാക്കിയതിനാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്.
മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്ത് തരണമെന്ന ആവശ്യവും മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. തുടർന്ന് ഉച്ചയോടെ കോട്ടപ്പറമ്പ് സർക്കാർ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടർമാർ ഇല്ലായിരുന്നു. പിന്നീട് ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആർടി പിസിആർ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാൻ കഴിയുള്ളു എന്നാണ് അവർ അറിയിച്ചത്. ശനിയാഴ്ച മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടി.
14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതി ഇന്നലെ വൈകുന്നേരത്തോടെ പ്രസവിച്ചങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
Post Your Comments