കോഴിക്കോട്: പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കെ മുരളീധരൻ. നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണ സമിതി അധ്യക്ഷൻ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാൻ താല്പര്യമില്ല. ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരും. പുന:സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ല മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന ഇല്ലെന്നും പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെപിസിസി ഭാരവാഹിപ്പട്ടികയിൽ പരാതി അറിയിച്ച് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ,ടി എൻ പ്രതാപൻ, ആൻ്റോ ആൻ്റണി, എം കെ രാഘവൻ എന്നിവർ ഹൈക്കമാൻഡിന് കത്ത് നൽകി. ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിർവ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി.
Post Your Comments