തിരുവനന്തപുരം:കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികൾക്ക് രാജിയിൽ കടുത്ത അമർഷമുണ്ട്. ബെന്നി ബഹനാൻ കൺവീനർ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച് മുന്നണിയിൽ ആലോചന നടന്നില്ലെന്നും കോൺഗ്രസിലെ ആഭ്യന്തര തർക്കം മുന്നണിയെ ബാധിക്കുന്നുവെന്നുമാണ് ലീഗ് നിലപാട്.
സംസ്ഥാന സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകുന്നതിനിടെയുണ്ടായ കൺവീനറുടെ രാജി മുന്നണിയ്ക്ക് തിരിച്ചടിയുണ്ടായെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. കഴിഞ്ഞദിവസമാണ് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തിൽ നിന്ന് കെ.മുരളീധരനും രാജി പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂർദ്ധന്യത്തിലായി.നിയമസഭയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം സംസ്ഥാനനേതൃത്വം അംഗീകരിക്കാത്തതും കെ.പി.സി.സി പുന:സംഘടനയിലെ അതൃപ്‌തിയും മുരളീധരന്റെ രാജിക്ക് പിന്നിലെ കാരണമായി.
കെ.പി.സി.സി അദ്ധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രനെതിരെ എ,ഐ ഗ്രൂപ്പുകൾ ശക്തമായ നിലപാടാണ് തുടക്കം മുതൽ സ്വീകരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളിൽ സി.പി.എമ്മും എൽ.ഡി.എഫും അവസാനഘട്ട ഒരുക്കങ്ങൾ നടത്തുമ്പോഴാണ് യു.ഡി.എഫ് കൺവീനർ തന്നെ രാജിവച്ചത്. എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പിൽ സജീവമാകുമോയെന്നാണറിയേണ്ടത്.
ഉമ്മൻചാണ്ടിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് കോൺഗ്രസിന് ഉളളിലെ പൊട്ടിത്തെറിയെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ കോൺഗ്രസിൽ വീണ്ടും തമ്മിൽത്തല്ല് കാലം ആരംഭിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.
Post Your Comments