തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പുഴുവരിച്ച നിലയില്‍ കോവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയതായും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കോവിഡ് പോസിറ്റീവായ വ്യക്തിയെ വീട്ടുകാര്‍ക്ക് തിരികെക്കിട്ടിയത് ദേഹമാസകലം പുഴുവരിച്ച നിലയില്‍ ആയിരുന്നു . വീണു പരുക്കേറ്റ് ചികില്‍സ തേടിയ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്.
ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടു വന്ന അനില്‍കുമാറിന്റെ ദേഹത്ത് പുഴുക്കള്‍ നുരയ്ക്കുന്നുണ്ടായിരുന്നു. അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം തേടിയപ്പോള്‍ മേലാസകലം മുറിവുകള്‍. കഴുത്തിലിട്ടിരുന്ന കോളര്‍ ഉരഞ്ഞ് തലപൊട്ടി ആ മുറിവിലും പുഴുക്കള്‍. ഓഗസ്ററ് 21ന് കൂലിപ്പണി കഴിഞ്ഞ് മടങ്ങിവരുംവഴി തെന്നിവീണാണ് അനില്‍കുമാറിന് പരുക്ക് പററുന്നത്. ചികില്‍സയിലിരിക്കെ ഈ മാസം 6നാണ് അനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments