താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിറ്റ കേസിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. രണ്ടര വയസുകാരനെ 70,000 രൂപയ്ക്കാണ് പ്രതികൾ വിറ്റത്. കേസിൽ ജൈനത്ബി ഫക്കീർ മുഹമ്മദ് ഖാൻ , പൂജ മഹേഷ് ചെട്ടിയാർ, ഷേരു സുഖ്രാം സരോജ്, മുകേഷ് അനിൽ ഖർവ, മായ സുഖ്‌ദേവ് കാലെ എന്നീ പ്രതികളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 15 നാണ് താനെയിലെ അംബർനാഥിൽ നിന്ന് കുഞ്ഞിനെ കാണാതാകുന്നത്. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. മാതാപിതാക്കൾ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവർ പോലീസിനെ സമീപിച്ചു.
പോലീസ് കാണാതായ കുഞ്ഞിന്റെ ചിത്രങ്ങൾ അംബർനാഥ് ടൗണിലെ ഓട്ടോറിക്ഷകളിൽ ഒട്ടിച്ചു. താമസിയാതെ ഒരു റിക്ഷാ ഡ്രൈവറിൽ നിന്ന് പോലീസിന് കുഞ്ഞിനെ കുറിച്ചുള്ള സൂചന ലഭിച്ചു. ജില്ലയിലെ ഉൽഹാസ്നഗറിലെ ഭാരത് നഗർ പ്രദേശത്താണ് കുട്ടിയെ കണ്ടെത്തിയത്.
കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പോലീസ് വെള്ളിയാഴ്ചയോടെ പ്രതികളെ വലയിലാക്കി.
Post Your Comments