തഞ്ചാവൂർ: അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയുടെ ജ്യേഷ്ഠൻ ടി വി സുന്ദരവദനത്തിനെതിരെ ഭൂമി കൈയേറ്റ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തഞ്ചാവൂരിലെ തിരുവയ്യാർ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളുടെ ഭൂമി അനധികൃതമായി കൈക്കലാക്കിയതായി കാണിച്ചു തഞ്ചാവൂർ സ്വദേശികളായ വലർമതി- മനോഹരൻ ദമ്പതികൾ നൽകിയ കേസിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തിരുവയരു താലൂക്കിലെ രാജേന്ദ്രം അർക്കാട് ഗ്രാമത്തിൽ 4.5 ഏക്കറോളം സ്ഥലമാണ് ഇവർക്കുണ്ടായിരുന്നത്. 2008ൽ തഞ്ചാവൂരിലെ ഒരു വ്യവസായിക്ക് വിൽക്കാൻ തീരുമാനിക്കുകയും, പ്രീ-സെയിൽ കരാറിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ഭൂവിൽപ്പന അറിഞ്ഞ ടി വി സുന്ദരവദനം വിൽപ്പന തടസപ്പെടുത്തുകയും 65 ലക്ഷത്തിന്റെ ഭൂമി 6.5 ലക്ഷത്തിന് തട്ടിയെടുക്കുകയും ചെയ്തു.
വലർമതിയും മനോഹാരനും തങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാൻ അന്നുമുതൽ പോരാടുകയാണ്. ജില്ലാ പോലീസിനോടുള്ള അവരുടെ അപേക്ഷ പരിഗണിക്കാതെ വന്നപ്പോൾ, 2015ലാണ് ഇവർ കോടതിയെ സമീപിച്ചത്. ക്രിമിനൽ ഗൂഡാലോചന, വഞ്ചന തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ടി വി സുന്ദരവദനത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സുന്ദരവദനം ഒളിവിലാണ്.
Post Your Comments