ന്യൂഡൽഹി : ചൈനയുടെ ആക്രമണം സംബന്ധിച്ച യുഎസ് റിപ്പോർട്ടിനെ തള്ളി ഐഎസ്ആർഒ. ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നിരന്തരമായ ഭീഷണി ഉയർത്തുന്നതായി ഐഎസ്ആർഒ മേധാവി കെ.ശിവൻ അറിയിച്ചു. എന്നാൽ ഇസ്രോയുടെ സംവിധാനങ്ങൾ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് പൊരുതി നിന്നെന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്റർനെറ്റ് ഉൾപ്പെടെ പൊതു സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്‌വർക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളതെന്നും അതിനാൽ അതീവ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്രപെട്ടെന്ന് ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളിൽ ആർക്കും എത്തിപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണ ഭീഷണികൾ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമാണെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്. സൈബർ ഭീഷണികളുടെ പിന്നിൽ ആരെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ചൈന ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ അവർ പരാജയപ്പെടുകയാണുണ്ടായതെന്നും ഐഎസ്ആർഒ പറയുന്നു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞു കയറാനായി ചൈനീസ് ഹാക്കർമാർ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. 2012 മുതൽ 2018 വരെ ചൈനീസ് ഹാക്കർമാർ ഇത്തരത്തിൽ നുഴഞ്ഞു കയറാൻ പരിശ്രമിച്ചിരുന്നുവെന്ന് അമേരിക്ക ആസ്ഥാനമായ ചൈന എയ്‌റോ സ്‌പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments