ചലഞ്ചുകളുടെ ഒരു കാലമാണ് ഇത്. ചിരി ചലഞ്ച് മുതല്‍ കപ്പിള്‍ ചലഞ്ച് വരെ’! കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്,ഫാമിലി ചലഞ്ച് എന്നു വേണ്ട വെഡ്ഡിംഡ് ഡേ ചലഞ്ച് വരെ കാണാം. ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചലഞ്ച് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍ അനവധിയാണ്. ആരും അതേ കുറിച്ച് ചിന്തിയ്ക്കുന്നില്ല.
നിങ്ങള്‍ പോകുന്നത് വന്‍ അപകടത്തിലേയ്ക്കാണ്. നിങ്ങള്‍ വിചാരിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് മാത്രമല്ലേ ഇത് കാണാന്‍ കഴിയുക എന്നതാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല, നിങ്ങളുടെ സുഹൃത്തുക്കളുടെ സുഹൃത്തുകളിലേയ്ക്ക് പിന്നെ അവരുടെ സുഹൃത്തുക്കളിലേയ്ക്ക് ഇതിങ്ങനെ കണക്ട് ചെയ്ത് പോകും. നിങ്ങളുടെ ഫോട്ടോകള്‍ ചെന്നെത്തുന്നത് ലോകത്തിന്റെ കോണുകളിലേയ്ക്കും… ഈ ഫോട്ടോകള്‍ എങ്ങിനെയെല്ലാം ദുരുപയോഗം ചെയ്യപ്പെടാം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്തിന് സ്വയം അപകടം ക്ഷണിച്ച് വരുത്തുന്നു…. വൈറലായ ഒരു കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്
ചലഞ്ചുകള്‍ക്ക് എന്തെങ്കിലും ദോഷങ്ങളുണ്ടോ? ഇപ്പോഴിതാ ഇത്തരം ചലഞ്ചുകളോട് വിയോജിപ്പു രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകന് ഷാന്‍ റഹ്മാന്. സനൂപ് എം.എസ് എന്നയാള്‍ എഴുതിയ കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ചില സമയങ്ങളില്‍ നമ്മുടെ സംഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പലരും പരാതികള്‍ പറയാറുണ്ട്. എന്നാല്‍ ഈ പറയുന്നവര്‍ കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉണ്ടാകുമ്ബോള്‍ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. ആ ചിത്രങ്ങള്‍ എല്ലാവരും കാണുന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരുവിധ ഉത്കണ്ഠയുമില്ല. (എനിക്കറിയില്ല ആരാണ് ഇത്തരം ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നതെന്ന്). അപകടകരമായ ഒരു കാര്യമാണ് ചിത്രം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത്.
നിങ്ങള്‍ക്കറിയാമോ?എല്ലാവര്ക്കും കാണാന്‍ പറ്റുന്ന രീതിയില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് ലോകത്ത് എവിടെയുള്ള ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും. അതിന് കമ്ബൂട്ടര്‍ ഹാക്ക് ചെയ്യാനുള്ള കഴിവിന്റെ ആവശ്യമൊന്നുമില്ല,പകരം കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.
നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാള്‍ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്സൈറ്റില്‍ പ്രൊഫൈല്‍ നിര്‍മിച്ച് അതില്‍ അപ്ലോഡ് ചെയ്താലോ? ഒന്നു സങ്കല്പ്പിച്ചു നോക്കൂ. അതെ, തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്സൈറ്റില്‍ ട്രെന്‍ഡിങ്ങില്‍ എത്തും. ഇത്തരം പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് അറിവില്ലെങ്കില്‍ ദയവു ചെയ്ത് മനസിലാക്കാന്‍ ശ്രമിക്കൂ.
നമ്മുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാം?
നിങ്ങളുടെ സ്വകാര്യമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സംരംക്ഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ്. സുഹൃത്തുക്കളുടെ പട്ടിക പരിശോധിച്ച് പരിചയമില്ലാത്ത ആളുകളെ അതില്‍ നിന്നും ഒഴിവാക്കുക.
പോസ്റ്റുകള്‍ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക. സമൂഹമാധ്യമങ്ങളില്‍ എല്ലാവര്ക്കും കാണാന്‍ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുന്‍പ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം, ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം’.
Post Your Comments