കോഴിക്കോട്: അധ്യാപക തസ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങള്‍ അനധികൃതമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. കാലിക്കറ്റ് സര്‍വകലാശാലയിലെ 106 സ്തികകളിലേക്ക് നടക്കുന്ന നിയമനങ്ങളാണ് അനധികൃതമെന്ന് പി കെ ഫിറോസ് വ്യക്തമാക്കി. മുസ്ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കാനാണ് ബാക്ക് ലോഗ് നികത്താതെ നിയമനം നടത്തുന്നത്. കേരളത്തിലെ മുസ്ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് ഈത്തപ്പഴം കൊടുത്താല്‍ അവരുടെ പിന്നാക്കാവസ്ഥ മാറില്ല. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്നും പി.കെ. ഫിറോസ് പ്രതികരിച്ചു
പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സി.എച്ച് മുഹമ്മദ് കോയ സാഹിബ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് പ്രവര്‍ത്തനമാരംഭിച്ച കാലിക്കറ്റ് സര്‍വലാശാലയിലെ 106 അധ്യാപക തസ്തികകളിലേക്ക് നിയമനം നടക്കാനിരിക്കുകയാണ്. ഇതു സംബന്ധിച്ച് സര്‍വ്വകലാശാല പുറത്തിറക്കിയ ഉത്തരവ് ഇന്നലെ പത്ര സമ്മേളനത്തിലൂടെ പുറത്ത് വിട്ടിരുന്നു. വിവിധ കോടതി ഉത്തരവുകളുടെയും നാട്ടില്‍ നില നില്ക്കുന്ന നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ഉത്തരവ്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉത്തരവില്‍ പറയുന്നത്. ഒന്ന്, ബാക്ക് ലോഗ് നികത്താതെ വേണം നിയമനം നടത്താന്‍. രണ്ട്, നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മാന്വല്‍ ഫയലായിരിക്കണം.
മുസ്ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കാനാണ് ബാക്ക് ലോഗ് നികത്താതെ നിയമനം നടത്തണമെന്ന് പറയുന്നത്. മാത്രവുമല്ല ഏതൊക്കെ തസ്തികയിലേക്കാണ് സംവരണം എന്ന കാര്യവും ഉത്തരവില്‍ പറയുന്നില്ല. അങ്ങിനെ പറഞ്ഞാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ പണം വാങ്ങിയും പാര്‍ട്ടി നോക്കിയും നിയമിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ടാണത്.
2012 മുതല്‍ ഡിജിറ്റല്‍ സിസ്റ്റത്തിലേക്ക് ഫയലുകള്‍ മാറിയ ഈ സര്‍വകലാശാലയില്‍ നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ മാന്വല്‍ ആയിരിക്കണമെന്നത് പറയുന്നത് കൃത്രിമം കാണിക്കാനാണ്. നിയമനം നടന്നു കഴിഞ്ഞാല്‍ ഫയലുകള്‍ കത്തിച്ചു കളയുകയും ഒരന്വേഷണം പോലും സാധ്യമാവാതിരിക്കുകയും ചെയ്യും. ഇത് വെറുതെ പറയുന്നതല്ല. കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ് സി.പി.എം അട്ടിമറിച്ചത് OMR ഷീറ്റുകള്‍ കത്തിച്ചുകളഞ്ഞാണ്.
കേരളത്തിലെ മുസ്ലിംകളടക്കമുള്ള പിന്നാക്ക സമുദായത്തിന് ഈത്തപ്പഴം കൊടുത്താല്‍ അവരുടെ പിന്നാക്കാവസ്ഥ മാറില്ല. ഭരണഘടന നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഈത്തപ്പഴം കാണിച്ച് അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധവും വരും നാളുകളില്‍ ഉയര്‍ന്നു വരട്ടെ.
Post Your Comments