CinemaMollywoodLatest NewsNews

ഞാൻ വാദിയും വിനായകൻ എതിർ കക്ഷിയുമായുള്ള വെർബൽ സെക്ഷ്വൽ ഹരാസ്മെന്റ് കേസ് ഉള്ളതാണ്; പക്ഷെ ഇപ്പോൾ വിനായകനും ആഷിക് അബുവിനും പരിപൂർണ്ണ പിന്തുണ നൽകുന്നു; മൃദുല ​ദേവി എസ്

നടൻ വിനായകൻ മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാൽ എന്റെ വിഷയം പറഞ്ഞു

ഈ അടുത്ത് ഞാൻ വാദിയും വിനായകൻ എതിർ കക്ഷിയുമായുള്ള വെർബൽ സെക്ഷ്വൽ ഹറാസ്മെന്റ് കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാർ ഈ ഘട്ടത്തിൽ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് സാമൂഹിക പ്രവർത്തക മൃദുല ദേവി എസ്.

എന്നാൽ ഇന്ത്യൻ സിനിമയിൽ, ലോകസിനിമയിൽ, മലയാള സിനിമയിൽ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴിൽ ചെയ്യുന്നുണ്ട്. ജനം അത് സ്വീകരിക്കുന്നുമുണ്ട്. നടൻ വിനായകൻ മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാൽ എന്റെ വിഷയം പറഞ്ഞു നടൻ സംവിധായകൻ ആകുന്നതു തടയുന്നതിനുള്ള ശ്രമങ്ങൾ എന്നിലെ അംബേദ്കർ ചിന്താധാരയ്ക്കു യോജിക്കാൻ ആവുന്നതല്ലെന്നും മൃദുല വ്യക്തമാക്കി.

കുറിപ്പ് വായിക്കാം….

 

 

 

നടൻ വിനായകൻ സംവിധായകൻ ആകുന്ന വാർത്ത അഭിമാനത്തോടെ സ്വീകരിക്കുന്നു. ദലിത് പ്രാതിനിധ്യങ്ങൾ സമസ്ത മേഖലയിലും എത്തണം എന്നുള്ളത് ആഗ്രഹിക്കുന്ന ഒരാളെന്ന നിലയിൽ ഇതിനെയും ദലിത് ജനതയുടെ പ്രാതിനിധ്യം ആയി തന്നെ കാണുന്നു.ഞാൻ വാദിയും വിനായകൻ എതിർ കക്ഷിയുമായുള്ള വെർബൽ സെക്ഷ്വൽ ഹറാസ്മെന്റ് കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാർ ഈ ഘട്ടത്തിൽ മുതലെടുപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.

എനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിനും വേദനയിലും റിമ എനിക്കൊപ്പം നിൽക്കുകയും, എന്നോട് ഐക്യപ്പെടുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. നടനുമായി റിമയെന്നല്ല ആരും അഭിനയിക്കുന്നതിനോ, കലാപരമായ പ്രോജക്ടുകൾ ചെയ്യുന്നതിനോ ഞാൻ എതിരല്ല എന്ന് റിമയോട് അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു . പ്രസ്തുത നടനെതിരെയുള്ള ജാതി വംശീയ അധിക്ഷേപങ്ങൾക്കെതിരെ എക്കാലവും ഞാൻ ഉണ്ടാകും എന്നും അദ്ദേഹം നടത്തിയ വെർബൽ റേപ്പിനെതിരെ ശക്തമായി മുന്നോട്ടു പോകും എന്നുമാണ് എൻറെ പഴയ എഫ് ബി പോസ്റ്റിൽ ഞാൻ വ്യക്തമാക്കിയിരുന്നത്. ഞാനിന്നും അതേ നിലപാടിൽ തന്നെയാണ്.

ഇപ്പോൾ വിനായകൻ സംവിധായകൻ ആകുന്നതിനെതിരെ സംസാരിക്കുന്നവർ ജാതി വംശീയതയാണ് കാണിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു. ഇന്ത്യൻ സിനിമയിൽ, ലോകസിനിമയിൽ, മലയാള സിനിമയിൽ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴിൽ ചെയ്യുന്നുണ്ട്. ജനം അത് സ്വീകരിക്കുന്നുമുണ്ട്. നടൻ വിനായകൻ മാത്രം സംവിധാനപ്പട്ടം ഒഴിയണം എന്ന് പറയുന്നത് ജാത്യാധിഷ്ഠിത അസമത്വം ആയി കാണുന്നതിനാൽ എന്റെ വിഷയം പറഞ്ഞു നടൻ സംവിധായകൻ ആകുന്നതു തടയുന്നതിനുള്ള ശ്രമങ്ങൾ എന്നിലെ അംബേദ്കർ ചിന്താധാരയ്ക്കു യോജിക്കാൻ ആവുന്നതല്ല.

ആഷിഖ് അബു ഇന്ത്യയിൽ അപരവത്കരണം അനുഭവിക്കുന്ന മുസ്ലീം സമൂഹത്തിൽ നിന്നുള്ള വ്യക്തി ആണ്.ഇന്ത്യയിൽ ദലിതുകളുമതെ. വിനായകനും ആഷിക് അബുവും ഒന്നിക്കുന്നത് ദലിത് /മുസ്ലിം സഹോദര്യമായിക്കൂടി ഞാൻ കണക്കാക്കുന്നു.
കോടതിയിലേക്ക് പോയ എന്റെ കേസിൽ റിമ എനിക്ക് അനുകൂലമായ നിലപാട് ആണ് എടുത്തിട്ടുള്ളത്. മുന്നോട്ടും അങ്ങനെ തന്നെ ആവും എന്നുറപ്പുണ്ട്.

എനിക്കുള്ള ഉത്തരം ഇന്ത്യൻ നീതിന്യായവ്യവസ്ഥ ആണ് നൽകേണ്ടത്. ഞാൻ അതിനുള്ള തെളിവുകൾ നൽകിയിട്ടുണ്ട്. ആ മറുപടി എനിക്ക് അവിടെ നിന്ന് ലഭിക്കും. മലയാള സിനിമ അതിന്റെ ജോലി ചെയ്യട്ടെ. എന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ അനുവദിച്ചാൽ ചിത്രം പുറത്തിറങ്ങുമ്പോൾ കാണുകയും ഇഷ്ടപ്പെട്ടില്ലെങ്കിൽ വിമർശിക്കുകയും ഇഷ്ടപ്പെട്ടാൽ ചേർത്തു പിടിക്കുകയും ചെയ്യും.

ദലിത് പുരുഷൻ ദലിത് സ്ത്രീകൾക്കെതിരെ ആക്രമണം നടത്തിയാൽ, ദലിത് സ്ത്രീയുടെ സ്ത്രീത്വത്തെ അപമാനിച്ചാൽ സഹോദരൻ എന്ന് കരുതി ക്ഷമിക്കണം എന്ന തെറ്റായ സന്ദേശം സമൂഹത്തിനു നൽകാതെ അവരെ തിരുത്തി സ്ത്രീ വിരുദ്ധത ഒഴിവാക്കി മുഖ്യധാരയിൽ സജീവമാക്കുക എന്നുള്ളതാണ് യഥാർത്ഥ ദലിത് സ്നേഹം എന്ന് ഞാൻ വിശ്വസിക്കുന്നു.

ഉറച്ച നിലപാടുകളോടെ, മറ്റൊരു സ്ത്രീയേയും കേവലം ശരീരമാണെന്ന് കണക്കാക്കി അപമാനിക്കാതെ വിനായകൻ സിനിമയിൽ നിലകൊള്ളണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കെതിരെ വിനായകൻ നടത്തിയ വെർബൽ അബ്യൂസ് ഇപ്പോഴും ഏറ്റവും അറപ്പോടെ ഞാൻ ഓർക്കുവാനിഷ്ട്ടപ്പെടാത്ത വേദനയുടെ കാലമാണ്, ഉറങ്ങാതെ കരഞ്ഞ കാലമാണ്.

 

 

ഒരു ദലിത് സ്ത്രീയെന്ന കരുത്തിൽ കേസ് മുന്നോട്ട് തന്നെ കൊണ്ട് പോകും . വിമർശിക്കുമ്പോൾ പോലും “എൻ മാന്യ കൂട്ട് സ്നേഹിതാ” എന്നുര ചെയ്ത പൊയ്കയിൽ അപ്പച്ചന്റെ വചനങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് കേസുമായി മുന്നോട്ട് പോകുമ്പോഴും, റിമയുടെയും വിനായകന്റെയും,ആഷിക് അബുവിന്റെയും സംരംഭത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments


Back to top button