Latest NewsNewsInternational

നേപ്പാളിന്റെ അതിര്‍ത്തിയില്‍ രണ്ട് കിലോമീറ്ററോളം ഭൂമി കൈയേറി കെട്ടിടങ്ങള്‍ പണിത് ചൈനീസ് സൈന്യം ; സ്ഥലം സന്ദര്‍ശിക്കാനെത്തിയ അധികൃതരെ സൈന്യം തടഞ്ഞു

പിത്തോറഗഢ് : നേപ്പാളിന്റെ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഭൂമി കൈയേറി ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) 9 കെട്ടിടങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. നേപ്പാളിന്റെ കര്‍നാലി പ്രവിശ്യയില്‍പ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശമായ നാംഖ ഗോപാലികയിലെ (മുനിസിപ്പാലിറ്റി) ലാപ്ച-ലിമി മേഖലയിലാണ് കെട്ടിട നിര്‍മ്മാണം. 10 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ലാപ്ച-ലിമി മേഖലയിലേക്ക് ചൈന റോഡുകള്‍ നിര്‍മിച്ചിരുന്നുവെന്നാണ് വിവരം. ഇതിനൊപ്പം ഒരു കെട്ടിടവും നിര്‍മിച്ചിരുന്നു.

അന്ന് നേപ്പാള്‍ എതിര്‍ത്തപ്പോള്‍ ചൈന പറഞ്ഞത് അതൊരു വെറ്ററിനറി കേന്ദ്രമാണെന്നും ചരക്കു ചുമക്കുന്ന മൃഗങ്ങളെ ചികിത്സിക്കാമെന്നും ഇരുഭാഗത്തുനിന്നുമുള്ള രാജ്യക്കാര്‍ക്ക് ഉപകാരപ്പെടുമെന്നും ആയിരുന്നു. നേപ്പാള്‍ ഭരണകൂടത്തിന് കാര്യമായ സ്വാധീനമില്ലാത്ത വളരെ ഒറ്റപ്പെട്ട പ്രദേശമാണ് ലാപ്ച-ലിമി.

നാംഖ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുന്‍പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ലാപ്ച-ലിമി. മാത്രമല്ല, ഇവിടം കൈപ്പിടിയിലായാല്‍ ചൈനയയ്ക്ക് കൈലാസ് മാനസരോവര്‍ മേഖലയെ കൃത്യമായി നിരീക്ഷിക്കാനുമാകും. ചൈന കൈയേറിയ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ലാമയെ പിഎല്‍എ സൈനികര്‍ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. മാത്രമല്ല, പ്രദേശത്തെ ഗ്രാമീണരെയും സൈനികര്‍ ഇങ്ങോട്ടേക്കു കടത്തിവിടുന്നില്ല.

ഇതേത്തുടര്‍ന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബര്‍ 9 നുമിടയില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇവര്‍ നല്‍കിയിട്ടുണ്ട്.

കുറച്ചുമാസങ്ങളായി ടിബറ്റില്‍ റോഡുകള്‍ നിര്‍മിക്കുന്നതിനൊപ്പം ചില നദികള്‍ ചൈന ഗതി തിരിച്ചുവിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് നേപ്പാളിലേക്ക് ഒഴുകിയിരുന്ന നദികളും ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇങ്ങനെ സംഭവിക്കുമ്പോള്‍ നദി ആദ്യം ഒഴുകിയിരുന്ന സ്ഥലം തങ്ങളുടെതാണെന്നു കാണിച്ച് ചൈന കൈവശപ്പെടുത്തുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button