KeralaLatest NewsIndia

തട്ടിപ്പുകളുടെ എണ്ണം കൂടുന്നു, മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി

എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന.

കാസര്‍ഗോഡ്: ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകള്‍ കൂടി. എംഎല്‍എയ്‌ക്കെതിരായ ആകെ വഞ്ചനാ കേസുകളുടെ എണ്ണം ഇതോടെ 63 ആയി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസുകള്‍. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എംഎല്‍എയ്‌ക്കെതിരെ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നേരത്തെ എംഎല്‍എയുടെ കാസര്‍ഗോഡ് പടന്നയിലെ വീട്ടില്‍ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത്.

എണ്ണൂറോളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്‍ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച്‌ പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.

read also: സമരം മാത്രമല്ല, റോഡ് ശുചീകരണത്തിനും മുന്നിട്ട് മഹിളാമോർച്ച

അതേസമയം, താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനമാര്‍ഗത്തിനായി ചേര്‍ന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ബിസിനസ് സംരംഭം തകര്‍ന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മഞ്ചേശ്വരം കമറുദ്ദീന്‍ പറയുന്നു. സിപിഎം ഉള്‍പ്പടെയുള്ള നേതാക്കളെ മധ്യസ്ഥരാക്കി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ താന്‍ തയ്യാറാണെന്നും കമറുദ്ദീന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button