തിരുവനന്തപുരം : സ്വര്‍ണക്കള്ളക്കടത്ത് കേസ് പുറത്തേയ്ക്ക് വന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട് നിപവധി കേസുകളാണ് തെളിഞ്ഞുവരുന്നത്. സ്വപ്ന സുരേഷിന്റെ ഇടപാടുകളെ കുറിച്ചുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വെളിച്ചം കാണുന്നത് നിരവധി തട്ടിപ്പുകളാണ്. കോടികള്‍ കമ്മീഷന്‍ പറ്റി പാവങ്ങളുടെ അത്താണിയായിരുന്ന ലൈഫ് മിഷനില്‍ നടന്ന തട്ടിപ്പാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ പുലര്‍ത്തേണ്ട നിയമങ്ങളെ കാറ്റില്‍ പറത്തി ആയിരക്കണക്കിന് ഖുറാനും പതിനേഴായിരം കിലോ ഈന്തപ്പഴവും യു എ ഇയില്‍ നിന്നും കേരളത്തിലെത്തിച്ച സംഭവം പുറത്ത് വരുന്നത്. മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും മറവില്‍ സംസ്ഥാനത്തേയ്ക്ക് സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തിയോ എന്നും സംശയം ഉയരുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതോടെ ഈന്തപ്പഴം സംസ്ഥാനത്തെത്തിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇറക്കുമതി ചെയ്ത 17,000കിലോ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതില്‍ വിശദമായ അന്വേഷണത്തിന് കസ്റ്റംസ് പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കോണ്‍സുലേറ്റിലെ ഇന്ത്യക്കാരായ ജീവനക്കാരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ചോദ്യംചെയ്യും. അനാഥാലയങ്ങളിലെയും സ്പെഷ്യല്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഈന്തപ്പഴം നല്‍കാനുള്ള കോണ്‍സുലേറ്റിന്റെ പദ്ധതിയുമായി സഹകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും കസ്റ്റംസ് ചോദ്യംചെയ്യും. സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചു.
ഈന്തപ്പഴം ഏതൊക്കെ സ്‌കൂളുകളില്‍ വിതരണം ചെയ്തെന്ന വിവരം സാമൂഹികനീതി വകുപ്പിനോടു തേടിയിട്ടുണ്ട്. കണക്കുകള്‍ 30ന് മുന്‍പ് അറിയിക്കണം. എന്നാല്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്ന് സാമൂഹ്യനീതി വകുപ്പ് വ്യക്തമാക്കിയത് അന്വേഷണത്തെ ബാധിക്കും.
2017ല്‍ യു.എ.ഇ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഈന്തപ്പഴം എത്തിച്ചത്. 250 ഗ്രാം വച്ച് 40,000 കുട്ടികള്‍ക്ക് നല്‍കാനെന്നാണ് കോണ്‍സലേറ്റ് വ്യക്തമാക്കിയിരുന്നത്. 2017 മേയില്‍ കോണ്‍സല്‍ ജനറലും സ്വപ്നയും പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചേംബറിലെ ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലേതടക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഈന്തപ്പഴം അന്നു നല്‍കി. പിന്നീട് സ്‌കൂളുകളില്‍ കാര്യമായി ഈന്തപ്പഴം എത്തിയില്ല.
യു.എ.ഇ ഭരണാധികാരിയുടെ സമ്മാനമായാണ് ഈന്തപ്പഴം നല്‍കുന്നതെന്നാണ് അന്ന് സ്വപ്നയും സംഘവും മാദ്ധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ആയിരം കുട്ടികള്‍ക്കു പോലും ഈന്തപ്പഴം ലഭിച്ചിരുന്നില്ലെന്നാണ് നിഗമനം. അതേസമയം, പല വി.ഐ.പികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും മുന്തിയ ഇനം ഈന്തപ്പഴം എത്തിച്ചിരുന്നു. കിലോഗ്രാമിന് രണ്ടായിരം രൂപവരെ വിലവരുന്ന മുന്തിയ ഈന്തപ്പഴം സമ്മാനം നല്‍കി ഉന്നതരുമായി സൗഹൃദമുണ്ടാക്കാന്‍ സ്വപ്ന ഈ വഴിയും ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ നിഗമനം.
ഈന്തപ്പഴം എവിടെ, ആര്‍ക്കൊക്കെ വിതരണം ചെയ്തെന്നറിയാന്‍ സ്വപ്നയെ വിശദമായി ചോദ്യംചെയ്യും. ഈന്തപ്പഴം കൊണ്ടുവന്നതിന്റെ മറവിലും സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു. തന്റെ ആവശ്യത്തിനായാണ് ഇത് എത്തിച്ചതെന്നാണ് അറ്റാഷെ കസ്റ്റംസിന് എഴുതി നല്‍കിയ മൊഴി.
Post Your Comments