കോഴിക്കോട്: സുഹൃത്തായ യുവതിക്ക് ഫ്ലാറ്റ് വാടകക്ക് എടുത്ത് നല്‍കിയതിന്‍റെ പേരില്‍ കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനു സസ്‌പെന്‍ഷന്‍. യുവതിയുടെ അമ്മ നല്കിയ പരാതിയിലാണ് സസ്‌പെഷന്‍ എന്ന് ഉത്തരവില്‍ പറയുന്നു.
അധ്യാപികക്ക് ജോലി ആവശ്യത്തിനായി എത്തിയ 31 വയസ്സുള്ള യുവതിയ്ക്ക് ഫ്ലാറ്റെടുക്കുന്നതിനായി സുഹൃത്തായ ഉമേഷ് സഹായിച്ചിരുന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ നിന്നും താമസം മാറ്റിയ യുവതിയ്ക്കെതിരെ അമ്മ നല്കിയ പരാതിയിലാണ് ഈ നടപടി. ഫ്ലാറ്റില്‍ ഉമേഷ് നിത്യസന്ദര്‍ശകനാണെന്നും അച്ചടക്ക സേനയുടെ അന്തസ്സിനും സല്‍പേരിനും കളങ്കം വരുത്തുന്ന രീതിയില്‍ ഉമേഷ് പ്രവര്‍ത്തിച്ചുവെന്നുമാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
ഇത്തരത്തില്‍ മോശമായ കാര്യങ്ങള്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ നടത്തിയതിനെതിരെ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. തന്‍റെ ഇഷ്ടപ്രകാരമാണ് തനിയെ താമസിക്കുന്നതെന്നും ഫ്ലാറ്റ് എടുത്തുനല്‍കുക മാത്രമാണ് ഉമേഷ് ചെയ്തതെന്നും യുവതി പറഞ്ഞു.
ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരള പോലീസിന്റെ സദാചാര ചരിത്രത്തിലെ നാഴികക്കല്ലായി പ്രഖ്യാപിച്ച് ആദരിക്കേണ്ട സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്ന് വൈകുന്നേരം ആദരപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു.
2020 ല്‍ ജീവിക്കുന്ന മനുഷ്യരാണെന്നും ഒട്ടേറേ നിയമങ്ങളും സുപ്രീം കോടതി വിധികളും മനുഷ്യാവകാശങ്ങളും ജെന്‍ഡര്‍ ഈക്വാലിറ്റിയുമൊക്കെ ഉള്ള ലോകമാണെന്നുമുള്ള വസ്തുതകള്‍ വെറുതെയാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ ഉത്തരവിന് സാധിക്കുമാറാകട്ടെ.
31 വയസ്സുള്ള ഒരു സ്ത്രീ സ്വന്തമായി ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുന്നതിനെ അവളുടെ മൊഴിക്ക് വിപരീതമായി ‘അവളുടെ പേരില്‍ ഫ്‌ലാറ്റ് തരപ്പെടുത്തി താമസിപ്പിച്ചു നിത്യ സന്ദര്‍ശനം നടത്തുന്നു’ എന്നൊക്കെ പഴയ ആല്‍ത്തറ മാടമ്ബികളുടെ കുശുമ്ബന്‍ പരദൂഷണം പോലുള്ള വാചകങ്ങള്‍ ഒരു പോലീസുകാരന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തി സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന നാലാംകിട ബുദ്ധി നീണാള്‍ വാഴട്ടെ.
അധികാരത്തിന്റെ തിളപ്പില്‍ താഴേക്കിടയിലുള്ള ഒരു ജീവനക്കാരനെ നിരന്തരമായി വേട്ടയാടി പിരിച്ചു വിടാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.
ജോലി പോയാലും പട്ടിണി കിടന്നാലും മരിക്കേണ്ടി വന്നാലും ഒരു മരയൂളയുടെയും കാല്‍ക്കല്‍ വീഴില്ലെന്ന് ഉറപ്പിച്ചു പറയുന്നു.
Post Your Comments