തിരുവനന്തപുരം : കണ്ണൂര്‍ വീണ്ടും കാലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണവും ബോംബു നിര്‍മ്മാണവും തകൃതിയായി നടക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബോംബ് നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന സ്‌ഫോടനമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ബോംബ് നിര്‍മ്മാണം സി.പി.എമ്മിന് കുടില്‍ വ്യവസായമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവാദപ്പെട്ട പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.ഗുരുതരമായ സാഹചര്യമാണ് കണ്ണൂരിലുള്ളത്. കണ്ണൂരില്‍ നടക്കുന്ന ബോംബു നിര്‍മ്മാണങ്ങളില്‍ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കാത്തത് സി.പി.എമ്മിന്റെ ഇടപെടല്‍ കൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ആഴ്‌ചകള്‍ക്ക് മുന്‍പാണ് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും തട്ടകമായ തലശ്ശേരിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ നഷ്ടപ്പെട്ടത്. പാര്‍ട്ടീഗ്രാമങ്ങള്‍ ഒരു മറയാക്കിയാണ് സി.പി.എം ബോംബ് നിര്‍മ്മാണം നടത്തുന്നത്. ഈ വിഷയത്തില്‍ ബി.ജെ.പിയും ഒട്ടും പിറകിലല്ല. ബോംബ് നിര്‍മ്മാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സി.പി.എമ്മും ബി.ജെ.പിയും പരസ്‌പരം വര്‍ഷങ്ങളായി മത്സരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments