ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സേനകളില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ബിഎസ്‌എഫ്, സിആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിലാണ് ഒഴിവുകള്‍. ഇത്തരം ഒഴുവുകളുടെ പ്രധാന കാരണം വിരമിക്കല്‍, രാജി, മരണം തുടങ്ങിയവയാണ് വിവിധ തസ്തികകളില്‍ ഇത്രയുമധികം ഒഴിവു വന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കൂടുതൽ ഒഴുവുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ബിഎസ്‌എഫിലാണ്. 28,926 ഒഴിവുകളാണ് ബിഎസ്‌എഫില്‍ ഉളളതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. എന്നാൽ തൊട്ടുപിന്നില്‍ സിആര്‍പിഎഫാണ്. 26,506 ഒഴിവുകളാണ് സിആര്‍പിഎഫിലുളളത്. സിഐഎസ്‌എഫ് 23906, എസ്‌എസ്ബി 18,643, ഐടിബിപി 5,784, അസം റൈഫിള്‍സ് 7328 എന്നിങ്ങനെയാണ് മറ്റു സുപ്രധാന സായുധ സേനകളിലെ ഒഴിവുകള്‍.കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് ഏറ്റവുമധികം ഒഴിവുകള്‍.
ഒഴിവുകള്‍ നികത്താന്‍ നിലവില്‍ മെച്ചപ്പെട്ട സംവിധാനം ഉണ്ടെന്നും. നേരിട്ടുളള നിയമനം ഉള്‍പ്പെടെയുളള മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി നിത്യാനന്ദ് റായ് രേഖാമൂലം സഭയെ അറിയിച്ചു. എത്രയും വേഗം നിയമനം നടത്താനുളള നടപടികള്‍ സ്വീകരിക്കും. നിലവില്‍ 60000ലധികം കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ നികത്തുന്നതിനുളള നടപടികള്‍ നടന്നുവരികയാണ്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനിലൂടെ 2534 സബ് ഇന്‍സ്‌പെക്ടര്‍ ഒഴിവുകളും നികത്തും. അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയില്‍ ഒഴിവുളള 330 പോസ്റ്റുകള്‍ നികത്തുന്നതിനുളള നടപടികള്‍ യുപിഎസ്‌സി സ്വീകരിച്ചുവരുന്നതായും നിത്യാനന്ദ് റായി സഭയെ അറിയിച്ചു.
Post Your Comments