തിരുവനന്തപുരം : പെട്ടിമുടി ദുരന്തത്തിൽപെട്ടവർക്ക് പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ധനസഹായം ഒരു ലക്ഷമായി കുറയ്ക്കാനുള്ള സർക്കാർ ഉത്തരവ് മനുഷ്യത്വവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. ബാക്കി നാലു ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റി കൊടുക്കുമെന്ന സർക്കാർ വാദം പാവങ്ങളെ പറ്റിക്കലാണെന്നും സുരേന്ദ്രന്‍ പ്രസ്താവനയിൽ പറഞ്ഞു.
ഇരകളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന നിലപാടാണ് പിണറായി സർക്കാർ ചെയ്യുന്നത്. തൊഴിലാളി വർഗ പാർട്ടിയുടെ തനിനിറം വെളിച്ചത്തായിരിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തുകാർക്കും കൺസൾട്ടൻസികൾക്കുമൊപ്പമാണ് ഈ സർക്കാർ. പാവങ്ങൾക്ക് ഇടതുഭരണത്തിൽ നീതി ലഭിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ പോകാൻ മടിച്ച മുഖ്യമന്ത്രി പ്രതിഷേധം ശക്തമായപ്പോഴാണ് അവിടെയെത്തിയത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത തോട്ടംതൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ ധനസഹായം നൽകണമെന്ന് ബി.ജെ.പി ഉൾപ്പെടെയുള്ളവർ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അതിന് വഴങ്ങിയില്ലയെന്നും സുരേന്ദ്രൻ ആരോപിച്ചു.
Post Your Comments