കാഠ്മണ്ഡു : നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഹംല ജില്ലയിലാണ് ചൈനയുടെ ഈ കടന്നുകയറ്റമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടുത്തെ വില്ലേജ് കൗണ്‍സില്‍ തലവന്‍ വിഷ്ണു ബഹാദുര്‍ ലാമ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ചൈനീസ് പട്ടാളം നടത്തിയ കടന്നുകയറ്റം ശ്രദ്ധയിൽപ്പെടുന്നത്.
ഈ സ്ഥലത്തേക്ക് പോകാൻ നേപ്പാൾ ഉദ്യോഗസ്ഥരെയും പൊതുജനത്തെയും ചൈനീസ് സൈന്യം അനുവദിച്ചില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് സൈനികരോട് സംസാരിക്കാന്‍ വില്ലേജ് കൗണ്‍സില്‍ തലവന്‍ ശ്രമിച്ചുവെങ്കിലും അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. ഉടന്‍ തിരിച്ചുപോകാന്‍ ചൈനീസ് സൈനികര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. ഇതോടെ മൊബൈല്‍ ഫോണില്‍ കെട്ടിടങ്ങളുടെ ചിത്രം പകര്‍ത്തിയശേഷം അദ്ദേഹം മടങ്ങി. നേപ്പാള്‍ അതിര്‍ത്തി രണ്ട് കിലോമീറ്ററോളം കൈയേറിയാണ് ചൈന കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
നേപ്പാളിലെ അസിസ്റ്റന്റ് ചീഫ് ഡിസ്ട്രിക്ട് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കൈയേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. ചൈന 11 സ്ഥലങ്ങളില്‍ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നേപ്പാളിലെ കൃഷി മന്ത്രാലയം ജൂണില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments