KeralaLatest NewsNewsCrime

അമ്മ മരിച്ച വിവരം മറച്ചുവച്ച് വർഷങ്ങളോളം പെന്‍ഷന്‍ തുക തട്ടിയെടുത്തു ; മകളേയും ചെറുമകനേയും പൊലീസ് തിരയുന്നു

തിരുവനന്തപുരം : അമ്മയുടെ മരണം മറച്ചുവച്ച് എട്ട് വര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്തു. . സംഭവുമായി ബന്ധപ്പെട്ട് പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ മകളെയും ചെറുമകനെയും പോലീസ് തിരയുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇരുവരും കബളിപ്പിച്ച് സ്വന്തമാക്കിയത്. അതിയന്നൂർ അരങ്കമുകൾ ബാബു സദനത്തിൽ അംബിക, മകൻ പ്രിജിത് ലാൽ ബാബു എന്നിവർക്ക് എതിരെയാണ് കേസ്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.

കെ.എസ്.ഇ.ബി നെയ്യാറ്റിൻകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എസ്.മിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കും എതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. രേഖകൾ പരിശോധിക്കാതെ ഇത്ര ദീർഘമായ കാലം പെൻഷൻ നൽകിയ കാര്യത്തിൽ ജീവനക്കാർക്കു കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടർന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെൻഷൻ ലഭിച്ചു തുടങ്ങിയത്. ചെറുമകൻ പ്രിജിത് ലാൽ ബാബുവാണ് പൊന്നമ്മയോടൊപ്പം എത്തി അക്കൗണ്ട് ഉൾപ്പടെയുള്ള ബാങ്ക് നടപടികൾ ശരിയാക്കി കൊടുത്തിരുന്നത്. 2012ൽ പൊന്നമ്മ മരിച്ചു.എന്നാൽ മരിച്ച വിവരം കെ.എസ്.ഇ.ബിയെ ഇവർ അറിയിച്ചില്ല. വിവരം മറച്ചുവച്ച് ബാങ്കിൽ കൃത്രിമം കാട്ടി മകൾ അംബികയും മകൻ പ്രേംജിത് ലാൽബാബുവും ചേർന്ന് മാസം തോറും പെൻഷൻ തുക ബാങ്കിൽ നിന്ന് എടുക്കുകയായിരുന്നു.

എട്ടു വർഷങ്ങളിലെ 86 മാസം കൊണ്ടാണ് 10.68 ലക്ഷം രൂപ തട്ടിയത്. പെൻഷൻകാരി ജീവിച്ചിരുപ്പുണ്ടെന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ തുടർന്ന് പെൻഷൻ നൽകുവെന്ന് അറിയിപ്പുണ്ടായതിനെത്തുടർന്ന് പൊന്നമ്മയുടെ സർട്ടിഫിക്കറ്റ് കിട്ടാതായപ്പൊഴാണ് അന്വേഷണം നടന്നതും തട്ടിപ്പ് വെളിച്ചത്തായതും.തുടര്‍ന്ന് പ്രതികള്‍ ഓഫീസിലെത്തി മുഴുവന്‍ തുകയും ഉടന്‍ അടച്ചുകൊള്ളാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ ഉറപ്പുപാലിച്ചില്ല. പിന്നീട് രണ്ട് മുദ്രപ്പത്രത്തില്‍ മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് നല്‍കാമെന്ന് എഴുതിക്കൊടുത്തു. അതും ലംഘിക്കപ്പെട്ടതോടെയാണ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button