ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ ആയ പ്രതി നടി രാഗിണി ദ്വിവേദിയുടെ ജയില്‍ ജീവിതത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. പരപ്പന അഗ്രഹാര ജയിലില്‍ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ക്വാറന്‍റൈന്‍ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന താരം അറസ്റ്റ് ചെയ്ത സമയത്തെ ആത്മവിശ്വാസമൊന്നും ഇല്ലാതെ പാതിരാത്രി വരെ കരയുകയായിരുന്നുവെന്നു ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസിന്റെ റിപ്പോര്‍ട്ട്.
സെല്ലില്‍ രാഗിണി പാതിരാത്രി വരെ കരയുകയായിരുന്നുവെന്നും പുലര്‍ച്ചെ വരെ ഉറങ്ങാതെ കഴിച്ചുകൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പുറംവേദനയുണ്ടെന്ന് അധികൃതരോട് പറഞ്ഞ നടി പ്രഭാതഭക്ഷണവും കഴിച്ചില്ല. ഉച്ചയ്ക്ക് ശേഷമാണ് അവര്‍ അല്‍പം ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തത്. രാഗിണിയുടെ അച്ഛനമ്മമാര്‍ അവരുടെ വക്കീലിനൊപ്പം കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ ജയില്‍ ഓഫീസര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല.
തന്‍റെ മകള്‍ ഒരു സിംഹത്തെപ്പോലെ ആണെന്നും പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്ന് അവള്‍ക്ക് അറിയാമെന്നുമാണ് രാഗിണിയുടെ അമ്മ രോഹിണി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മകളെന്നും തങ്ങള്‍ക്ക് ഒരു ഫ്ലാറ്റ് സ്വന്തമായുണ്ടെന്നും അവര്‍ പറഞ്ഞു.സമ്പത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Post Your Comments