തിരുവനന്തപുരം : കോൺഗ്രസിനെയും കേരള രാഷ്ട്രീയത്തെയും സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻ ചാണ്ടിയെ അനുമോദിക്കാൻ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ആന്റണി ഈക്കാര്യം പറഞ്ഞത്.
2004ൽ മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്നു ഹൈക്കമാൻഡിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് ആന്റണി പറഞ്ഞു. കോൺഗ്രസും മുന്നണിയും ദയനീയമായി പരാജയപ്പെട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന 2004 മേയ് 13ന്, ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചിരുന്നു. സോണിയാ ഗാന്ധിക്ക് കത്തും അയച്ചെങ്കിലും അന്ന് രാജിക്കാര്യത്തിൽ തീരുമാനമായില്ല. 2004 ജൂലായിൽ ഡൽഹിയിൽ വച്ചാണ് സോണിയാ ഗാന്ധി രാജിക്ക് അനുമതി നൽകിയത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന സോണിയയുടെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ പേരാണ് താൻ നിർദേശിച്ചത്.
ഇക്കാര്യം ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആർക്കും അറിയില്ലായിരുന്നു. ഏതു പ്രതിസന്ധിയിലും വിശ്വസിക്കാവുന്ന അത്താണിയാണ് ഉമ്മൻ ചാണ്ടി. രാജി നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ഉമ്മൻ ചാണ്ടിക്കോ തന്റെ കുടുംബത്തിനോ പോലും അറിയാത്ത രഹസ്യമാണിത്. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യം എത്തിയതിനാലാണ് ഇതെല്ലാം വിശദീകരിക്കുന്നതെന്നും ആന്റണി പറഞ്ഞു.
Post Your Comments