ആലപ്പുഴ : കെ.ടി ജലീൽ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജുഡീഷ്യൽ അന്വേഷണം വന്നിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവച്ചിരുന്നില്ല. തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.ടി ജലീലിന് പൂർണ പിന്തുണയുമായി സി.പി.എം വീണ്ടും എത്തിയതിന് പിന്നാലെയാണ് സി.പി.ഐയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ഗോവിന്ദൻ മാസ്റ്ററും എൽ.ഡി.എഫ് കൺവീനറായ എ വിജയരാഘവനും പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നേയുള്ളൂ, കേസ് വന്നാൽ പോലും രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.
അസാധാരണമായി ഒന്നും കാണേണ്ടതില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ പ്രതികരിച്ചത്. ഒരു വിഷയത്തിലും ആശങ്കയില്ല. സംശയം ഉണ്ടാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കും. കുഞ്ഞാലിക്കുട്ടി രാജിവെക്കാൻ ഇടയായ കീഴ്‌വഴക്കം ഒന്നും ജലീലിന്റെ കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാൻ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
Post Your Comments