ലഡാക് : ശൈത്യകാലത്തുപോലും കിഴക്കന്‍ ലഡാക്കില്‍ സമ്പൂര്‍ണ യുദ്ധം നടത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ്. യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയ്യാറായ സൈനികരെയാണ് നേരിടേണ്ടി വരിക. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിനോടു പ്രതികരിക്കുമ്പോഴാണ് സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് സൈന്യം നഗരമേഖലകളില്‍നിന്നു വരുന്നവരാണ്. മലനിരകളിലും മറ്റും പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യന്‍ സൈനികര്‍. എന്നാല്‍ ഇന്ത്യയുടെ ഓപ്പറേഷനല്‍ ലൊജിസ്റ്റിക്‌സ് സജ്ജമല്ലെന്ന് ഗ്ലോബല്‍ ടൈംസ് വിമര്‍ശിച്ചതിന് ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്.
‘ഇക്കാര്യം അവരുടെ അജ്ഞതയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയല്‍ക്കാരുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതും. ചര്‍ച്ചകള്‍ വഴി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ സൈനികപരമായി എത്രനാള്‍ മുഖാമുഖം നില്‍ക്കണമെങ്കിലും ഇന്ത്യ തയാറാണ്.
സമുദ്രനിരപ്പില്‍നിന്ന് വളരെയധികം ഉയരംകൂടിയ മേഖലയാണ് ലഡാക്ക്. നവംബറിനുശേഷം കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. 40 അടിയോളം കനത്തില്‍ മഞ്ഞുവീണു കിടക്കും. ഇതിനൊപ്പം താപനില പൂജ്യത്തിനും താഴെ 30-40 ഡിഗ്രി വരെ എത്തുന്നത് സാധാരണമാണ്. തണുത്ത കാറ്റ് സൈന്യത്തിന്റെ കാര്യങ്ങള്‍ പ്രതികൂലമാക്കും. മഞ്ഞിനെത്തുടര്‍ന്ന് റോഡുകളും അടയ്ക്കും. പക്ഷേ, ഇത്രയൊക്കെയുണ്ടെങ്കിലും ഇന്ത്യന്‍ സൈനികര്‍ക്ക് ശൈത്യകാലത്തെ യുദ്ധമുറകളില്‍ കാര്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്. ലഭ്യമായ ചെറിയ സമയത്തിനുള്ളില്‍ പോരാട്ടത്തിനു സജ്ജരാകാനുള്ള മാനസിക പരിശീലനവും ലഭിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളൊക്കെ ലോകത്തിന് അറിയാവുന്നതാണ്. ഇന്ത്യയുടെ സൈനിക ബലം, ശേഷി തുടങ്ങിയവ പുറത്ത് ആര്‍ക്കും അറിയില്ല. ഈ മേയില്‍ ചൈന പ്രകോപനത്തിന്റെ ആദ്യത്തെ ലക്ഷണങ്ങള്‍ കാണിച്ചപ്പോള്‍ത്തന്നെ ഇന്ത്യന്‍ സൈന്യം തങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു. ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ പരിശീലനം നേടിയവരാണ് ഇന്ത്യന്‍ സൈനികര്‍.
Post Your Comments