ഏത് മതസ്ഥരായാലും പ്രാര്‍ത്ഥിക്കാത്തവരായി ആരും നമുക്കിടയിൽ ഉണ്ടാകില്ല. കാര്യം സാധിക്കുന്നതിന് മാത്രമായി പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല, എന്നിരുന്നാലും എല്ലാവരും കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്നവരാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്നതും, ശക്തിയുള്ളതുമായ ഒന്നാണ് പ്രാര്‍ത്ഥന. മനസിനെ ശാന്തമാക്കിയുള്ള പ്രാര്‍ത്ഥന നമുക്ക് പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്നു. ഇത് രാവിലെയാണെങ്കില്‍ നമ്മളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. കുറച്ചുനേരം നമുക്കിഷ്ടപ്പെട്ട ദേവനെ കണ്ണടച്ച് മനസില്‍ ധ്യാനിച്ചാല്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം നമ്മളില്‍ കൈവരുന്ന തോന്നലുണ്ടാകും. നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടും ഈശ്വരന്‍ നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചു തരുന്നില്ലെങ്കില്‍ നാം ഈശ്വരനെ നിന്ദിക്കരുത്. കാരണം നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് ഈശ്വരന്‍ അങ്ങനെ ചെയ്യുന്നത്. ആഗ്രഹിച്ച കാര്യം നടന്നില്ലെങ്കിലും പിന്നീടത് ഗുണകരമായി ഭവിക്കും. നമ്മളിലുള്ള ശക്തിയെ വളര്‍ത്തിയെടുക്കുകയാണ് പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ചെയ്യുന്നത്.
രോഗം വന്നിട്ട് മാറാതെ, വളരക്കാലം രോഗാവസ്ഥയിലിരിക്കുന്നവര്‍ മനംനൊന്ത് ഈശ്വരനെ ഭജിക്കുക. മനസ്സ് പതുക്കെ പതുക്കെ ശാന്തമാവുകയും ഈശ്വര ചൈതന്യം നമ്മിലേക്ക് പ്രവഹിക്കുകയും ചെയ്യും. മാനസികമായ സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥന നല്ല ഒരു മരുന്നാണ്. അങ്ങനെ പ്രാര്‍ത്ഥന എന്ന ഔഷധസേവയിലൂടെ രോഗാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഈശ്വരവിശ്വാസിയെന്ന് അഭിനയിക്കുന്നവര്‍ അറിയുന്നില്ല, അവരുടെ കപടഭക്തി നാശത്തിലേക്കുള്ള വഴിയാണെന്ന്. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് നമ്മള്‍ നന്നാവേണ്ടത്. നല്ല കര്‍മ്മങ്ങള്‍ ചെയ്ത് ഈശ്വരകടാക്ഷം അനുഭവിക്കുക. നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലുള്ള ‘ഞാനെന്ന ഭാവത്തെ’ ഉപേക്ഷിച്ച് എല്ലാം ഈശ്വരനിലര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ശ്രേഷ്ഠം. ഞാന്‍ എന്റേത് എന്ന ചിന്ത ഈശ്വരാനുഗ്രഹത്തിന് തടസ്സമാണ്. ജീവിതത്തില്‍ പ്രശസ്തി, നേട്ടം, വിജയം, പരാജയം, ദുരന്തം ഇവയെല്ലാം നമ്മുടെ കര്‍മ്മഫലം കൊണ്ട് സംഭവിക്കുന്നതാണ്.
സത്യസന്ധമായി ജീവിക്കുന്നവര്‍ ഈശ്വരനെ ഒരു ദിവസം പ്രാര്‍ത്ഥിച്ചില്ലെങ്കിലും അവരുടെ സല്‍ക്കര്‍മ്മങ്ങളുടെ ഫലം അവര്‍ക്ക് ലഭിക്കും. ചിലര്‍ ചോദിക്കാറുണ്ട്. ‘ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ നേരിട്ട് കാണണം.’ നമ്മള്‍ ഈശ്വരനെ തേടി നടക്കണ്ട. ഈശ്വരന്‍ നമ്മുടെ ഓരോരുത്തരുടേയും ഹൃദയമാകുന്ന കോവിലില്‍ വസിക്കുന്നുണ്ട്. അത് മനസ്സിലാക്കാതെ ഈശ്വരനെത്തേടി നടക്കുന്നവന്‍ മൂഢനാണ്. മറ്റുള്ളവരോട് വിനയത്തോടെ പെരുമാറുക, താഴ്മയോടെ ജീവിക്കുക ഇങ്ങനെയെല്ലാം ജീവിച്ചാല്‍ ആപത്ത് നമ്മളില്‍നിന്നും താനേ ഒഴിഞ്ഞുപോകും. ദൈവത്തിന്റെ മടിയില്‍ നമ്മള്‍ സുരക്ഷിതരാണെന്ന വിശ്വാസം ഉണ്ടായാല്‍ മതി, ജീവിത വിജയപഥത്തില്‍ മുന്നേറുവാന്‍.
Post Your Comments