ന്യൂഡൽഹി : യുഎസ് ആർമി തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥയെന്ന പേരിൽ തട്ടിപ്പ്. അറുപതുകാരന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. ഗുരുരുഗ്രാം ചക്കര്‍പുര്‍ സ്വദേശി ധീരേന്ദ്ര കുമാറിനാണ് ഒന്നരക്കോടിയോളം രൂപ നഷ്ടമായത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് പൂനം മകേല എന്ന സ്ത്രീയുടെ പേരിൽ ഇയാൾക്ക് ഒരു വാട്സ്ആപ്പ് സന്ദേശം എത്തിയിരുന്നു. യുഎസിലെ ‘ആന്‍റി ടെററിസ്റ്റ് ഡിപ്പാർട്മെന്‍റി’ലെ ഉദ്യോഗസ്ഥ എന്നായിരുന്നു ഇവർ പരിചയപ്പെടുത്തിയത്. എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഇരുവരും തമ്മിൽ പരിചയത്തിലായി. ഇന്ത്യയില്‍ ഒരു മരുന്ന് കമ്പനി തുടങ്ങാനാണ് പദ്ധതി എന്നാണ് അവർ പറഞ്ഞത്.
ഇതിനായി 8.7മില്യൺ ഡോളർ (64 കോടിയോളം രൂപ) അയക്കുമെന്നും പറഞ്ഞു. പിന്നാലെ ജൂൺ 19നും ജൂലൈ 17നും ഇടയിലായി നിരവധി ഫോണ്‍ കോളുകളെത്തി. കസ്റ്റസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ കോളിൽ, യുഎസില്‍ നിന്നും ഒരു ബോക്സ് വന്നിട്ടുണ്ടെന്നും ഇത് ലഭിക്കുന്നതിനായി പണം കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അവർ ആവശ്യപ്പെട്ട തുക ഓൺലൈന്‍ പ്ലാറ്റ്ഫോമിലൂടെ അയച്ചു എന്നാണ് ധീരേന്ദ്ര പറയുന്നത്. 1.24 കോടി രൂപയാണ് ഇതുവഴി അയാൾക്ക് നഷ്ടമായതെന്നും പറയുന്നു.
സംഭവത്തിൽ ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ ക്രൈം വകുപ്പുമായി ചേർന്നാണ് അന്വേഷണം.
Post Your Comments