Life Style

കാലുകളിലെ ഈ പുകച്ചില്‍ ഈ രോഗത്തിന്റെ ലക്ഷണം

കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തോന്നിയിട്ടുണ്ടോ? കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും അനുഭവപ്പെട്ടിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡ് തോത് ഉയരുന്നതിന്റെ ലക്ഷണമാകാം ഇത്. ഉയര്‍ന്ന യൂറിക് ആസിഡ് മൂലം ശരീരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഗൗട്ട് എന്നാണ് പൊതുവേ പറയുന്നത്. ഇത് പലപ്പോഴും കാലുകളെയാണ് ബാധിക്കുക.

ശരീരത്തില്‍ പ്യൂരീന്‍ എന്ന പ്രോട്ടീന്റെ അളവ് കൂടുമ്പോഴാണ് ക്രമാനുഗതമായി യൂറിക് ആസിഡും ഉയരുന്നത്. പ്യൂരിനെ ശരീരം വിഘടിപ്പിക്കുമ്പോള്‍ രക്തത്തിലുണ്ടാകുന്നതാണ് യൂറിക് ആസിഡ്. സാധാരണ ഗതിയില്‍ ഇത് രക്തത്തില്‍ അലിയുകയും മൂത്രത്തിലൂടെ ശരീരത്തിനു പുറത്തേക്ക് പോവുകയും ചെയ്യുന്നു.

യൂറിക് ആസിഡ് തോത് ക്രമാതീതമായി ഉയരുന്നതോടെ നമ്മുടെ വൃക്കകള്‍ക്ക് രക്തത്തില്‍ നിന്ന് അവയെ ശുദ്ധീകരിക്കാന്‍ സാധിക്കാതെ വരുന്നു. ഇതാണ് ശരീരത്തില്‍ അടിഞ്ഞു കൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കാലുകളിലെ പുകച്ചിലിന് പുറമേ, സന്ധി വേദന, വൃക്കയില്‍ കല്ല്, വൃക്ക സ്തംഭനം തുടങ്ങിയ സങ്കീര്‍ണതകളും യൂറിക് ആസിഡ് ഉണ്ടാക്കാം.

പ്യൂരിന്‍ പ്രോട്ടീന്‍ ശരീരം നിര്‍മിക്കുന്നതിന് പുറമേ ചില ഭക്ഷണ വിഭവങ്ങളില്‍ നിന്നും ലഭിക്കും. സസ്യേതര ഭക്ഷണം കഴിക്കുന്നവരിലാണ് യൂറിക് ആസിഡ് പ്രശ്നങ്ങള്‍ പൊതുവേ കണ്ടു വരുന്നത്. സീഫുഡും ബീഫ് ഉള്‍പ്പെടെയുള്ള റെഡ് മീറ്റും യൂറിക് ആസിഡ് പ്രശ്നങ്ങളുള്ളവര്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഭക്ഷണത്തിലെ പ്രോട്ടീന്‍ കുറച്ച് വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക, ഓറഞ്ച്, നാരങ്ങ എന്നിവ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡ് തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. നാരുകളടങ്ങിയ ഭക്ഷണവും മെനുവില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പ്രതിദിനം രണ്ട്-മൂന്ന് ലീറ്ററെങ്കിലും വെള്ളം കുടിക്കാനും കാരറ്റ്, വെള്ളരി, മല്ലിയില എന്നിവയെല്ലാം സാലഡ് ആയിട്ട് പച്ചയ്ക്ക് തിന്നുന്നതും ഫലപ്രദമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button