കാഠ്മണ്ഡു : മധ്യ നേപ്പാളിലെ മൂന്ന് ഗ്രാമങ്ങളില്‍ രാത്രിയില്‍ ഉണ്ടായ വലിയ മണ്ണിടിച്ചിലില്‍ ഒമ്പത് പേര്‍ മരിക്കുകയും 22 പേരെ കാണാതാവുകയും ചെയ്തതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് കാഠ്മണ്ഡു നഗരത്തില്‍ നിന്ന് 120 കിലോമീറ്റര്‍ കിഴക്കായി സിന്ധുപാല്‍ചൗക്ക് ജില്ലയില്‍ തുടര്‍ച്ചയായ മഴ ലഭിച്ചത്. സംഭവം നടക്കുമ്പോള്‍ ഗ്രാമവാസികള്‍ കടുത്ത ഉറക്കത്തിലായിരുന്നുവെന്ന് മൈ റിപ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തു.
സംഭവ സ്ഥലത്ത് നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് മൃതദേഹങ്ങള്‍ കൂടി ഭോട്ടെകോഷി, സുങ്കോഷി നദികളില്‍ നിന്ന് കണ്ടെടുത്തതായി സിന്ധുപാല്‍ചൗക്ക് ജില്ലാ പോലീസ് ഓഫീസ് മേധാവി രാജന്‍ അധികാരി പറഞ്ഞു. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ നാഗ്പുജെ, ഭീര്‍ഖാര്‍ക്ക, നെവാര്‍ ടോള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്നും ബഹ്റബൈസ് മുനിസിപ്പാലിറ്റിയിലെ ഗുംതാങ് പ്രദേശത്ത് നടന്ന സംഭവത്തില്‍ ഇരുപത്തിരണ്ട് പേരെ ഇപ്പോഴും കാണാനില്ലെന്നും അധികാരി പറഞ്ഞു.
മണ്ണിടിച്ചിലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെങ്കിലും പ്രാഥമിക കണക്കനുസരിച്ച് മൂന്ന് ഗ്രാമങ്ങളിലെ 11 വീടുകള്‍ ഒഴുകിപ്പോയിയെന്നുമാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നേപ്പാള്‍ ആര്‍മി, നേപ്പാള്‍ പോലീസ്, സായുധ പോലീസ് സേന എന്നിവയുടെ സംയുക്ത സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സാധാരണയായി സെപ്റ്റംബറില്‍ അവസാനിക്കുന്ന മഴക്കാലത്ത് നേപ്പാളിലെ പര്‍വതനിരകളില്‍ മണ്ണിടിച്ചില്‍ സാധാരണമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മണ്‍സൂണ്‍ സംബന്ധമായ മരണങ്ങള്‍ 351 ആയി. 85 പേരെ കാണാതായി എന്നാണ്.
Post Your Comments