ശ്രീനഗര്‍ : കശ്മീരിലെ യുവാക്കള്‍ വഴിതെറ്റിപ്പോകുന്നത് തടയാന്‍ പുതിയ തന്ത്രവുമായി കരസേന. പിടിയിലാകുകയോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ചെയ്യുന്ന പ്രദേശിക ഭീകരരുടെ ഫോണ്‍ രേഖകളില്‍നിന്ന് അവരുമായി ബന്ധം പുലര്‍ത്തുന്ന മുഴുവന്‍ യുവാക്കളെയും കണ്ടെത്തി അവര്‍ക്ക് കൗണ്‍സലിങ് നല്‍കാനാണ് പുതിയ നീക്കമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഭീകരവാദികളുമായി ബന്ധം പുലര്‍ത്തുന്ന യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്കും കൗണ്‍സലിങ് നല്‍കും. കൃത്യസമയത്ത് കൗണ്‍സലിങ് നല്‍കിയാല്‍ യുവാക്കളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ലഫ്. ജനറല്‍ ബി.എസ് രാജു പറഞ്ഞു. ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ വ്യാപകമായ പരിശ്രമങ്ങള്‍ നടക്കുന്നുവെന്ന് വ്യക്തമായതോടെയാണ് ഫോണ്‍ രേഖകള്‍ പിന്തുടരാനുള്ള സൈന്യത്തിന്റെ നീക്കം.
പിടിയിലാകുന്ന ഭീകരര്‍ പലരും അവരുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല. എന്നാല്‍ ഫോണ്‍ വിളികള്‍ പിന്തുടരാന്‍ തുടങ്ങിയതോടെ സൈന്യത്തിന്റെ ജോലി എളുപ്പമായെന്നും അദ്ദേഹം അവകാശപ്പെട്ടു. കശ്മീരിലെ എണ്‍പതോളം യുവാക്കള്‍ ഈവര്‍ഷം വിവിധ ഭീകര സംഘടനകളില്‍ ചേര്‍ന്നുവെന്നാണ് സൗത്ത് കശ്മീര്‍ ഡിഐജി അതുല്‍ ഗോയല്‍ പറയുന്നത്. ഇവരില്‍ പലരുടെയും കുടുംബാംഗങ്ങള്‍ തിരിച്ചുവരാന്‍ മക്കളോട് അഭ്യര്‍ഥിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പോസ്റ്റുചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments