![](/wp-content/uploads/2020/09/12as16.jpg)
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷണത്തിന് വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രത്യേക അപേക്ഷയും കേരളം നല്‍കിയിട്ടുണ്ട്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെ ഉള്ള സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ഹൈക്കോടതിയില്‍ 88 ലക്ഷം രൂപ ചെലവിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് വാദിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. എന്നിട്ടും വിധി എതിരായതോടെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ ഹർജിയിൽ സിംഗിൾ ജഡ്ജി സിബിഐ അന്വേഷണത്തിന് നിർദേശിച്ചത് ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് സിംഗിൾ ജഡ്ജി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചിരുന്നു.
കേസിലെ ഗൂഢാലോചന ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു എന്നാണ് സര്‍ക്കാർ നിലപാട്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
Post Your Comments