Latest NewsNews

അഭിപ്രായ സ്വാതന്ത്ര്യം എന്നത് രാജ്യത്ത് എന്തും പറയാനുള്ള അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: അഭിപ്രായ സ്വാതന്ത്ര്യം എന്തും പറയാനുള്ള അപരിമിതമായ അവകാശമല്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സുനൈന ഹോലി എന്ന സ്ത്രീക്കെതിരെയുള്ള കേസില്‍ ഇടക്കാല സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

ജസ്റ്റിസ് എംഎസ് കര്‍ണിക്, എസ്എസ ഷിന്‍ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പോലീസിന്റെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി സുനൈനയുടെ ഹര്‍ജി തള്ളുകയും ചെയ്തു. അതേസമയം, അടുത്ത രണ്ടാഴ്ചത്തേക്ക് ഇവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസില്‍ നിന്നൊഴിവാക്കുകയോ അല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുകയോ വേണമെന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. വിവിധ വ്യക്തികള്‍ നല്‍കിയ പരാതിയില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററിലാണ് നവി മുംബൈ സ്വദേശിയായും 38കാരിയുമായ സുനൈന ഉദ്ധവ് താക്കറെക്കും മകനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചത്.

സൈബര്‍ കേസില്‍ ഓഗസ്തില്‍ സുനൈനയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബാക്കി രണ്ട് കേസുകളില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജാരാവാന്‍ സുനൈനയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. അതേസമയം, പോലീസ് സ്‌റ്റേഷനില്‍ ഹാജാരായാല്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസിന് പ്രതികരിക്കാതിരുന്നതെന്ന് സുനൈനയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കാനായി സെപ്തംബര്‍ 29-ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button