Latest NewsIndia

കര്‍ണാടകയിലെ പ്രമുഖ ക്ഷേത്രത്തില്‍ കവര്‍ച്ച, ക്ഷേത്രത്തിനുള്ളില്‍ 3 പൂജാരിമാരുടെ മൃതദേഹങ്ങള്‍ തല തകർത്തനിലയില്‍

മാണ്ഡ്യ: മാണ്ഡ്യ നഗരത്തിലുള്ള ഗട്ടാലുവിലെ പ്രസിദ്ധമായ ശ്രീ അരകേശ്വര ക്ഷേത്രത്തില്‍ മൂന്ന് ക്ഷേത്രം പൂജാരിമാരെ മൃഗീയമായി കൊലചെയ്ത് ക്ഷേത്രം കൊള്ളയടിച്ചു. പൂജാരിമാരായ ഗണേശ്, പ്രകാശ്, ആനന്ദ് എന്നിവരുടെ മൃതദേഹങ്ങള്‍ ക്ഷേത്ര പരിസരത്ത് നിന്നും വെള്ളിയാഴ്ച രാവിലെ ചോരയില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. വലിയ ഉരുളന്‍ കല്ലുകൊണ്ട് ഇവരുടെ തല ഇടിച്ചു തകര്‍ത്തിരുന്നു.കര്‍ണാടക മാണ്ഡ്യ ജില്ലയില്‍ അരകേശ്വര ക്ഷേത്രത്തിലാണ് കവര്‍ച്ചയും കൊലപാതകവും നടന്നത്.

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കവര്‍ച്ചാ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ ഉറങ്ങുകയായിരുന്ന മൂന്ന് പൂജാരിമാരെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഗ്രാമവാസികള്‍ ക്ഷേത്ര കവാടം തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്. മൂന്നുപേരുടെയും മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഉറങ്ങികിടക്കുന്നതിനിടെ പാറക്കല്ലുകൊണ്ടോ മാരകമായ ആയുധം കൊണ്ടോ തലക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ക്ഷേത്രത്തിലെ മൂന്നു വലിയ ഭണ്ഡാരപ്പെട്ടി പുറത്തെത്തിച്ച്‌ പണം മോഷ്ടിച്ചിട്ടുണ്ട്. ഭണ്ഡാരത്തിലെ നോട്ടുകളാണ് സംഘം കവര്‍ന്നത്. പൂജാരിമാര്‍ പതിവായി ക്ഷേത്രത്തിലാണ് ഉറങ്ങുന്നത്. പൂജാരിമാരുടെ മരണത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ വസ്തുവകകള്‍ സംരക്ഷണ എന്ന നിലയിലാണ് ഇവര്‍ ഇവിടെ കഴിഞ്ഞിരുന്നതും.

ഉറക്കത്തിലായിരിക്കാം ആക്രമണമെന്നും സമയത്ത് തന്നെ മൂന്ന് പേരും കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് നിഗമനം. മോഷണ ശ്രമമായിരിക്കാം പിന്നിലെന്നും മൂന്നിലധികം പേര്‍ ചേര്‍ന്നായിരിക്കാം കൃത്യം നടത്തിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ക്ഷേത്രത്തിന്റെ മൂന്ന് ഭണ്ഡാരണങ്ങള്‍ പുറത്ത് കൊണ്ടുപോയി കുത്തിത്തുറന്നിട്ടുണ്ട്. അതിലെ നോട്ടുകളും വിലപ്പെട്ട മറ്റ് വസ്തുക്കളും എടുത്തു കൊണ്ടുപോയ ശേഷം ചില്ലറകള്‍ അവിടെ തന്നെ ഉപേക്ഷിച്ച നിലയില്‍ ചിതറിക്കിടപ്പുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലും തകര്‍ത്തിട്ടുണ്ട്.

വഞ്ചികയില്‍ നിന്നും പണമെടുത്ത ശേഷം കൂടുതല്‍ വിലപിടിച്ച വസ്തുക്കള്‍ തേടി ശ്രീകോവിലിനുള്ളില്‍ കടന്നിരിക്കാം എന്നും പോലീസ് സംശയിക്കുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് നായുടേയും ഫോറന്‍സിക് വിദഗ്ദ്ധരുടേയും സേവനം മാണ്ഡ്യ പോലീസ് ഉപയോഗിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. മാണ്ഡ്യ ഈസ്റ്റ് പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കുകയാണ്.

shortlink

Post Your Comments


Back to top button